യു എ ഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയും ഉപജീവനവും ആശങ്കയിലായിരിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലായി ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിൽ പകുതിയോളം പേർ മലയാളികളാണ്. അബുദാബിയിലും റിയാദിലും ദോഹയിലും സ്ഫോടനങ്ങൾ ഉണ്ടായത് പ്രവാസി കുടുംബങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിലെ 10,000 ഓളം വരുന്ന ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഇസ്രായേൽ പൗരന്മാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവും ഹെൽപ്പ് ലൈൻ നമ്പരുകളും കൈമാറി. യുദ്ധം പടരുകയാണെങ്കിൽ വലിയൊരു ഒഴിപ്പിക്കൽ നടപടിക്ക് ഇന്ത്യ തയ്യാറെടുക്കേണ്ടി വരും. ഇത് കേരളത്തിലേക്ക് പ്രവാസികളുടെ വൻ തിരിച്ചൊഴുക്കിന് കാരണമായേക്കാം.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയായ പ്രവാസി പണമിടപാടിൽ വൻ ഇടിവുണ്ടാകാൻ ഈ സാഹചര്യം ഇടയാക്കും. പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖലകൾ സ്തംഭിച്ചാൽ സംസ്ഥാനത്തെ ഉപഭോഗം, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ് എന്നിവയെ അത് നേരിട്ട് ബാധിക്കും.
കൂടാതെ, യുദ്ധം മൂലം എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതും റൂട്ടുകൾ മാറ്റുന്നതും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകും.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും പ്രകൃതിവാതകത്തിന്റെ 50 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാം. ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കും.
സ്വർണ്ണവില ലക്ഷങ്ങൾ കടക്കുന്ന സാഹചര്യവും വിപണി വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഇന്നു തന്നെ രണ്ട് തവണയായി അയ്യായിരം രൂപയിൽ അധികമാണ് സ്വർണത്തിന് വർധിച്ചത് !!
മിഡിൽ ഈസ്റ്റിൽ ഇസ്രായേലും, ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ മേഖലയിലുടനീളം വ്യാപിക്കുമ്പോൾ, ഏറ്റവും കൂടുതൽ ആശങ്കയിലാകുന്നത് ഇന്ത്യയും വിശേഷിച്ച് കേരളവുമാണ് : പ്രവാസലോകം കടുത്ത ആശങ്കയിൽ !!
Advertisement
Advertisement
Advertisement