കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം വിവിധ ജില്ലകളില്‍ യു.വി. സൂചിക അപകടകരമായ നിലയിലെത്തിയതിനെത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ 14 തത്സമയ നിരീക്ഷണ സ്റ്റേഷനുകളില്‍ നിന്നുള്ള വിവരപ്രകാരം പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശേരി, ഇടുക്കിയിലെ മൂന്നാര്‍, പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി എന്നിവിടങ്ങളില്‍ യു.വി. സൂചിക 7 രേഖപ്പെടുത്തി. കൊട്ടാരക്കര, ഒല്ലൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ സൂചിക 6 ആണ്.
യു.വി. സൂചിക 6 മുതല്‍ 7 വരെ എത്തുന്ന സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. സൂചിക 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലര്‍ട്ടും 11 കടന്നാല്‍ റെഡ് അലര്‍ട്ടും നല്‍കും.
യു.വി. രശ്മികള്‍ തുടര്‍ച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, വിവിധയിനം ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പൊതുജനങ്ങള്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍:
സമയക്രമം: യു.വി. രശ്മികള്‍ ഏറ്റവും ശക്തമായ പകല്‍ 10 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
വസ്ത്രധാരണം: ശരീരം പൂര്‍ണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
സുരക്ഷ: പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
പ്രത്യേക ശ്രദ്ധ: പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണം.
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി. രശ്മികള്‍ ശക്തമായിരിക്കാം. ജലാശയങ്ങള്‍, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ അത്തരം മേഖലകളില്‍ ഉള്ളവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാരകമായ അള്‍ട്രാവയലറ്റ് (യു.വി.) രശ്മികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി
Advertisement
Advertisement
Advertisement