‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന സ്വപ്‌ന മുദ്രാവാക്യം നല്‍കിയാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നത്. എന്നാല്‍ ഇന്ന് ‘ലഹരി വിമുക്ത നവകേരളം ലഹരിയാസക്ത കേരള’മായി മാറിക്കഴിഞ്ഞു.
ജനത്തെ ഏതുവിധേനയും കുടിപ്പിച്ചു കിടത്തി അവന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് സര്‍ക്കാരിന്റെ ചിന്ത. ഒപ്പം പാര്‍ട്ടിയുടെ ഖജനാവും നിറയ്‌ക്കാം. ആളുകള്‍ കുടിച്ചു മരിച്ചാലും വേണ്ടില്ല പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.
മദ്യവര്‍ജനം എന്ന ലക്ഷ്യവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ 10 വര്‍ഷം പിന്നിടുമ്പോള്‍ മദ്യനയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണ്ണമായും മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനങ്ങളായിരുന്നു. വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന, അബ്കാരികള്‍ക്ക് വേണ്ടിയുള്ള നയങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കുടുംബ ശൈഥില്യം, കുടുംബങ്ങളിലെ സാമ്പത്തിക ഭദ്രത, മന:സമാധാനം, ആരോഗ്യപ്രശ്‌നങ്ങള്‍, സ്ത്രീസുരക്ഷ, റോഡപകടങ്ങള്‍, ക്രിമിനല്‍ കേസുകളുടെ വര്‍ധന എല്ലാം ബാര്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കും. ഈ നീക്കം ദൂരവ്യാപക സാമൂഹികാഘാതങ്ങള്‍ സൃഷ്ടിക്കും.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 29 ബാറുകള്‍. ഇപ്പോഴത്തെ എണ്ണം 884. ബീവറേജ് ഷോപ്പുകള്‍ 309 എന്നത് 336 ആയി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 19,561 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ 5,500 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളുകള്‍ക്കുള്ളില്‍ ത്രീസ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നു കൊടുത്തു. 2 സ്റ്റാറുകള്‍ക്കെല്ലാം ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചു. ദൂരപരിധി നിയമം 200 ല്‍ നിന്ന് 50 ആക്കി കുറച്ചു. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ് – നഗര പാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി. അബ്കാരി ഷോപ്പുകള്‍ തുടങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധനയാണ് ഇതുവഴി എടുത്തു കളഞ്ഞത്.
പ്രതിഷേധമുയര്‍ന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഷോപ്പുകള്‍ക്ക് അനുമതി നിഷേധിക്കുന്ന രീതിയായിരുന്നു പണ്ട്. ഇതിനെതിരെ സുപ്രീംകോടതി വരെ പോയി അനുകൂല ഉത്തരവ് സര്‍ക്കാര്‍ വാങ്ങി. അബ്കാരികള്‍ക്കായി കേരള പഞ്ചായത്ത് ആക്ട് ഭേദഗതി ചെയ്തു. 10 ശതമാനം ബീവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടികൊണ്ടിരുന്നത് നിര്‍ത്തലാക്കി. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനത്താവളങ്ങളിലെ അന്താരാഷ്‌ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ഡ്രൈ ഡെകളിലും മദ്യം വിളമ്പാന്‍ അനുമതി നല്കി. ഐടി പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കള്ള് ചെത്തി വില്‍ക്കാന്‍ അനുമതി നല്കി. ഇങ്ങനെ മദ്യനയം നിരന്തരം അട്ടിമറിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
തുടര്‍ന്നിങ്ങോട്ട് ബ്രൂവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാനുള്ള നീക്കം, ദേശീയ- സംസ്ഥാന പാതകള്‍ ഡീ നോട്ടിഫൈ ചെയ്യാനുള്ള നീക്കം, കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യക്കടകള്‍ തുടങ്ങാനുള്ള നീക്കം എന്നിങ്ങനെ എല്ലാം നീക്കങ്ങളും സര്‍ക്കാരിന്റെ മദ്യ നയ വഞ്ചന വെളിവാക്കുന്നതാണ്. വരുമാനം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുക്കുടിയന്മാരുടെ നാടാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജനം നയം തട്ടിപ്പാണ്. ജനങ്ങളിലേറെയും മദ്യത്തിനെതിരാണെന്ന് കണ്ടപ്പോള്‍ അപ്രകാരം പരസ്യവും നയവും പ്രഖ്യാപിച്ചു; ‘കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്ര പദ്ധതികളുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക’. പരസ്യത്തിലൂടെ പറഞ്ഞ നുണയാണിത്. ‘എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്‌ക്കാന്‍ കര്‍ശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും. ഇങ്ങനെ പോകുന്നു പരസ്യങ്ങളിലെ നുണ വാചകങ്ങള്‍. ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക’. കൊടിയ ജനവഞ്ചനയായിരുന്നു ഈ പ്രഖ്യാപിത നയം .
ഒന്നാം പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കാലത്ത്, ഇടത് നേതാക്കളും നുണകള്‍ ആവര്‍ത്തിച്ചു; യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് അന്ന് സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി പറഞ്ഞു; ‘ഒരിക്കലും തുറക്കില്ല.’ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു; ‘ മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചു കൊണ്ടുവരുന്ന , മദ്യവര്‍ജനത്തില്‍ അധിഷ്ഠിതമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാന്‍ പോകുന്നതെന്ന്. പറച്ചിലിനും നയത്തിനും എതിരായ അട്ടിമറി സമീപനമാണ് പിന്നീട് കണ്ടത്.
മദ്യ നിരോധനമോ മദ്യവര്‍ജനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജനം എന്നാണ്. മദ്യവര്‍ജനവും മദ്യനിരോധനവും രണ്ട് പ്രക്രിയകളാണ്. മദ്യവര്‍ജനംഎന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടായി മാറുന്നത്. വ്യക്തികള്‍ മദ്യം വര്‍ജിക്കാന്‍ വേണ്ടി ജനങ്ങള്‍ എന്തിന് ഒരു മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരണം. മദ്യം വര്‍ജിക്കേണ്ടത് അത് കഴിക്കുന്ന ആളുകളാണ് എന്നും എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.
മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് കേരളത്തിന് നല്ലതെന്ന വാദം കാലഹരണപ്പെട്ട ആശയമാണ്. മദ്യനിരോധനത്തിലേക്ക് ഘട്ടം ഘട്ടമായി നടന്നടുക്കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. മദ്യത്തിന്റെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിര്‍മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുമുള്ള അധികാരവും കടമയും ഉത്തരവാദിത്തവുമുള്ളത് സര്‍ക്കാരിന് മാത്രമാണ്. ഇക്കാര്യത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ നയമായി പുറത്തു വരേണ്ടത്.
മദ്യ ലഭ്യത വര്‍ദ്ധിപ്പിച്ച ശേഷം മദ്യാസക്തിയുള്ള വ്യക്തിയെ ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം. ജനത്തെ കുടിപ്പിച്ചു കിടത്തി ഭരണം നടത്തരുത്. കേരളത്തില്‍ മദ്യം മൂലമുണ്ടാകുന്ന ദുരിതങ്ങളും ക്രൂരതകളും കുറ്റകൃത്യങ്ങളും സര്‍ക്കാര്‍ കണ്ണു തുറന്നു കാണണം അതിനായി ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണം. മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹിക- സാംസ്‌കാരിക – സാമ്പത്തിക- ആരോഗ്യ- മാനസിക പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തി പരിഹാരം കണ്ടെത്തണം.
News courtesy :
(കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
ബാറുകളുടെ പ്രവര്‍ത്തന സമയം 2 മണിക്കൂര്‍ കൂട്ടി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കി : അങ്ങനെ ഇടതു സര്‍ക്കാര്‍ മദ്യ മുതലാളിമാരുടെ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരായി മാറി
Advertisement
Advertisement
Advertisement