breaking news New

കേരളത്തിലെ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ മിനിമം കമ്പ്യൂട്ടര്‍ പരിജ്ഞാനമെങ്കിലും ഉള്ളവരെ നിയമിക്കണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് അഭിഭാഷകന്റെ പരാതി !!!

തിരുവനന്തപുരം :
കഴിഞ്ഞ വര്‍ഷം മേയില്‍ കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ വിവരാവകാശ മറുപടി അടിസ്ഥാനമാക്കിയാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ വി. ജയകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിലവില്‍ പ്രവര്‍ത്തിയെടുത്തു വരുന്നവരില്‍ ഒരാള്‍ പ്ലസ്ടു/പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു. ഇതേ പോലീസ് സ്റ്റേഷനില്‍ നിലവില്‍ ജോലി ചെയ്യുന്ന 12 പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു മാസത്തില്‍ കുറയാത്ത ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസാകാത്തവരായി ഉണ്ട്. സൈബര്‍ പോലീസ് സ്റ്റേഷനുകളിൽ കേരള സിവില്‍ പോലീസ്, ടെലികമ്യൂണിക്കേഷന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട സേനാംഗങ്ങള്‍ക്കാണ് നിയമനം നല്‍കി വരുന്നത്. വിവിധ ജില്ലകളിലെ സൈബര്‍ പോലീസ് സ്റ്റേഷനുകളിലെ സേനാംഗങ്ങളെ നിയമിക്കുന്നത് 2024 ജനുവരി 31 ന് ഡിജിപി നല്‍കിയ ഉത്തരവ് പ്രകാരമാണ്.

സൈബര്‍ പോലീസ് സ്റ്റേഷനിലെ ടെലികമ്യൂണിക്കേഷന്‍സ് വിഭാഗം ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സൈബര്‍ പോലീസ് ആസ്ഥാനത്തു നിന്നുമാണ്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തുന്നത് ജില്ലയിലെ കെ.സി.പി കേഡറുകളില്‍ നിന്നുമാണ്. പോലീസ് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെയാണ് കെസിപി കേഡറില്‍ നിയമിച്ചിരിക്കുന്നത്. അതല്ലാതെ സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് മിനിമം യോഗ്യത സംബന്ധിച്ച് പ്രത്യേകമായി മാര്‍ഗ നിര്‍ദേശം ഒന്നും നല്‍കിയിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

കേരളത്തിലെ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാരായി കൂടുതലായി എത്തുന്നതു വനിതകളാണ് ഏന്നാല്‍ മിക്ക സൈബര്‍ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമാണെന്ന് ജയകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും മതിയായ ഇംഗ്ലീഷ് ഭാഷാ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരല്ല എന്നും പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി പോലും വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നതുമൂലം സാധാരണക്കാരായ പരാതിക്കാര്‍ക്ക് നീതി നിഷേധത്തിന് ഇടയാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

സൈബര്‍ കേസുകളുടെ അന്വേഷണത്തില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അത്യന്താപേക്ഷിതം ആകയാല്‍ അത്തരം ജോലികള്‍ ചെയ്യുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരതയും വിദ്യാഭ്യാസ നിലവാരത്തില്‍ ഇന്ത്യയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വിദ്യാഭ്യാസമ്പന്നരായവരെ സൈബര്‍ സ്റ്റേഷനുകളിലേക്ക് നിയമിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t