breaking news New

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാകണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സര്‍വേ റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് സതീശന് വലിയ ജനപിന്തുണയുള്ളതായി വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളേക്കാള്‍ സതീശന്‍ ബഹുദൂരം മുന്നിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. അടുത്തിടെ പുറത്തുവന്ന എന്‍ഡിടിവി സര്‍വേയിലും വി.ഡി. സതീശന്‍ (22%) മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ (18%) ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു. ഓരോ മണ്ഡലത്തിലും വിജയിക്കാന്‍ സാധ്യതയുള്ള 6 പേരുകള്‍ വീതം സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളെയും ജനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ഇഷ്ടപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിന്റെ പോരായ്മകള്‍ തുടങ്ങി 12 പ്രധാന ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മുതിര്‍ന്ന നേതാക്കളായ പിണറായി വിജയന്‍, കെ.കെ. ശൈലജ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ മത്സരത്തില്‍ സതീശന്റെ പടയോട്ടമാണ് പ്രകടമാകുന്നത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന 'ലക്ഷ്യ 2026' നേതൃ ക്യാമ്പില്‍ സുനില്‍ കനഗോലു സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു. 'വിന്നബിലിറ്റി' (വിജയസാധ്യത) മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

നാല് ജില്ലകളില്‍ കോണ്‍ഗ്രസിന്റെ നില തൃപ്തികരമല്ലെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍,പാലക്കാട് ജില്ലകളില്‍ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.യു.ഡി.എഫ് തിളക്കമാര്‍ന്ന പ്രകടനം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം അപ്പാടെ വിഴുങ്ങിയിട്ടില്ലെങ്കിലും, നാല് ജില്ലകളുടെ കാര്യത്തില്‍ അവര്‍ക്കും സംശയമില്ല.

ആലപ്പുഴയിലും തൃശൂരിലും സംഘടനാപരമായി വലിയ ദൗര്‍ബല്യമുണ്ടെന്നാണ് കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്‍പത് മണ്ഡലങ്ങളുടെ ആലപ്പുഴ ജില്ലയില്‍ 2021 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചത് ചെന്നിത്തലയുടെ ഹരിപ്പാട്ട് മാത്രമാണ്. 13 മണ്ഡലങ്ങളുള്ള തൃശൂരില്‍ സനീഷ് കുമാര്‍ ജയിച്ച ചാലക്കുടി മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

14 അസംബ്‌ളി മണ്ഡലങ്ങളുള്ള തിരുവനന്തപുരത്തും എം.വിന്‍സെന്റ് ജയിച്ച കോവളത്ത് കോണ്‍ഗ്രസ് ഒതുങ്ങി. എന്നാല്‍ പാലക്കാടിന്റെ കാര്യത്തില്‍ കനഗോലുവിന്റെ കണ്ടെത്തല്‍ അത്ര കൃത്യമല്ലെന്നാണ് പല നേതാക്കളുടെയും പക്ഷം. 12 മണ്ഡലങ്ങളുള്ള പാലക്കാട്ട് മണ്ണാര്‍ക്കാട് ലീഗും പാലക്കാട് കോണ്‍ഗ്രസുമാണ് ജയിച്ചത്.

വരുന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, തൃത്താല മണ്ഡലങ്ങളില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ക്രൈസ്തവ സമൂഹത്തിന്റെ വോട്ടുകള്‍ പ്രതീക്ഷിക്കും പോലെ കോണ്‍ഗ്രസിലേക്ക് എത്തില്ലെന്നാണ് കനഗോലു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എല്‍.ഡി.എഫിനും യു.ഡി.എഫിനും 40 ശതമാനത്തിന് മേല്‍ വോട്ടു ലഭിച്ചേക്കും. എന്‍.ഡി.എയ്ക്ക് പ്രതീക്ഷിക്കാവുന്നത് 15 ശതമാനവുമാണെന്നാണ് കനഗോലു പറയുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t