ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കുന്നു എന്നത് ഗൗരവകരമായ കാര്യമാണ്. പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന ഈ സംഗമത്തെക്കുറിച്ച് ബോർഡ് യോഗത്തിന്റെ മിനുട്സുകളിൽ രേഖകളില്ലെന്നത് അന്വേഷണസംഘം എടുത്തുപറയുന്നു.
അയ്യപ്പസംഗമത്തിന് വേണ്ടി സർക്കാറിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുത് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. ആഗോള അയ്യപ്പസംഗമത്തിന് എട്ടു കോടി ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം മന്ത്രി തന്നെ മുമ്പ് പറഞ്ഞിരുന്നു. എത്രരൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി എന്ന് വ്യക്തമല്ല.
ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെ കുറിച്ചും പരാമർശമുണ്ട്.
ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ, എസ്.ഐ.ടി കസ്റ്റഡിയിലുള്ള ഫയലുകൾ വിട്ടുകിട്ടാൻ വിജിലൻസ് ആവശ്യപ്പെടും. ഇതിനായി വിജിലൻസ് എസ്.പി മഹേഷ് ഇന്ന് എസ്.ഐ.ടിക്ക് കത്ത് നൽകും. കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് സ്വർണം ശേഖരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് ചട്ടലംഘനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ഓഫീസറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നതെങ്കിലും കുറുപ്പാണ് സ്വർണം നേരിട്ട് സ്വീകരിച്ചത്. സ്വർണം നൽകിയവരുടെ വിവരങ്ങൾ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്
Advertisement
Advertisement
Advertisement