breaking news New

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സർക്കാരിനെതിരേ പുതിയ ക്യാംപയിനുമായി കോൺഗ്രസ് രംഗത്തെത്തി

‘കടക്ക് പുറത്ത് കാലം’ എന്ന പേരിലാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് കോൺഗ്രസ് പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകാലത്തെ വിവാദ പരാമർശം തന്നെയാണ് അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം ഈ പ്രത്യേക ഡിജിറ്റൽ-ഫസ്റ്റ് ക്യാംപയിൻ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും വിമർശനങ്ങൾ ശക്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ക്യാംപയിന്റെ ഭാഗമായി എൽഡിഎഫ് സർക്കാരിനെതിരായ ചാർജ്‌ഷീറ്റ് പുറത്തിറക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ‘അനീതിയുടെ കസേരകൾ ഇളകും. ഇനി കടക്ക് പുറത്ത് കാലം’- എന്ന ക്യാപ്ഷനോടെയാണ് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.. ‘പിണറായി സർക്കാർ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങൾ കൂടി മാത്രം’- എന്നാണ് പോസ്റ്റിലെ വാചകങ്ങൾ. എഐ വീഡിയോയിലൂടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന ക്യാംപയിനും കോൺ​ഗ്രസ് നടത്തിയിരുന്നു.

ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ്സൈറ്റും ആരംഭിക്കും. പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. പൊതുജന പങ്കാളിത്തം അടക്കം ഉറപ്പാക്കി എൽഡിഎഫിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t