വഴക്കിനിടയില്‍ പ്രകോപിതനായി ഇത്തരം വാക്കുകള്‍ പറയുന്നത് ഒരാള്‍ മരിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാകില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. കാസര്‍കോട് സ്വദേശിനി അഞ്ചര വയസ്സുള്ള മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഉത്തരവിട്ടത്.
അധ്യാപകനായ ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധത്തിലായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതി അറിഞ്ഞതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാവ് 'പോയി ചാകാന്‍' എന്ന് യുവതിയോട് പറഞ്ഞതായും ഇതില്‍ മനംനൊന്ത് യുവതി കുട്ടിയുമായി കിണറ്റില്‍ ചാടി മരിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
ആത്മഹത്യാ പ്രേരണാക്കുറ്റം (ഐ.പി.സി സെക്ഷന്‍ 306) നിലനില്‍ക്കണമെങ്കില്‍ മരിച്ച ആളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. പ്രകോപനത്തിന്റെ ഭാഗമായി സ്വാഭാവികമായി പറഞ്ഞുപോകുന്ന വാക്കുകള്‍ പ്രേരണയായി കണക്കാക്കാനാവില്ല. പ്രതിക്ക് യുവതിയുടെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ഗൂഢാലോചനയോ ഉദ്ദേശ്യമോ ഉണ്ടായിരുന്നതായി തെളിവില്ല.
ബന്ധം വേര്‍പെടുത്താനുള്ള ഒരാളുടെ തീരുമാനം ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി.
വാക്കുതര്‍ക്കത്തിനിടെ ഒരാളോട് 'പോയി ചാകാന്‍' പറയുന്നത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി
Advertisement
Advertisement
Advertisement