തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കും. ദേശീയ പാത വികസനം ഒരു ഭാഗത്ത് നടക്കുന്നതിനൊപ്പം തന്നെ എം സി റോഡും മാറുന്നത് ഇവിടെ ഗതാഗത സൗകര്യത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കും.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വീതി കൂട്ടൽ മാത്രല്ല ബൈപ്പാസുകളും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്.
കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ വളരെ വേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.