breaking news New

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നേരിട്ട് കാണുന്നതിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി രണ്ട് മാസം മുമ്പ് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് കെ എസ് യു സംസ്ഥാന ഭാരവാഹിയും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍

2025 ഒക്ടോബറില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്.

രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചുവെന്ന് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഫെന്നി നൈനാന്‍ പറയുന്നു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ തന്നോട് പറഞ്ഞു എന്നും ഫെന്നി നൈനാന്‍ പറയുന്നു. വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് ഫെന്നി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചത്.

ആ കേസിലെ അതിജീവിത തനിക്ക് പണം നല്‍കിയിട്ടുണ്ടെന്നും 5,000 രൂപയാണ് നല്‍കിയതെന്നും ഫെന്നി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പണം തന്നപ്പോള്‍ തന്നെ അവരുടെ പേര് ഉള്‍പ്പെടുത്തി 50 കൂപ്പണുകളുടെ എണ്ണം കാണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആക്കിയിരുന്നുവെന്നും ഫെന്നി ഫേസ്ബുക്കില്‍ കുറിച്ചു. ആ സ്ത്രീയെ രാഹുല്‍ ബലാത്സംഗം ചെയ്തുവെന്ന വിവരം അതിശയമായി തോന്നി. കാരണം ഈ അതിജീവിത 2025 നവംബര്‍ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ഫെന്നി കുറിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അതിനാലാണ് ചോദ്യം ചെയ്തിട്ടും തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും ഫെന്നി കുറിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t