breaking news New

കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്‍ഷുര്‍ ചെയ്യാനാകാതെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പറഞ്ഞു.

തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകര്‍ക്കും ആശ്വാസമേകാനാണ് കേന്ദ്രം കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജന ആവിഷ്‌കരിച്ചത്. ഇതില്‍ സംസ്ഥാന വിഹിതം യഥാസമയം അടയ്‌ക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൈറ്റ് തുറന്നു നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ജൂലൈയില്‍ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ക്ലെയിമുകള്‍ കുടിശ്ശികയായാല്‍ നിശ്ചിത തുക സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ ഡിപ്പോസിറ്റ് ചെയ്യണം. അതിനുശേഷമേ കര്‍ഷക രജിസ്‌ട്രേഷന്‍ സാധ്യമാവൂ. മുന്‍വര്‍ഷത്തെ ക്ലെയിമിന്റെ 50 ശതമാനത്തിന് ആനുപാതികമായ തുകയാണ് സംസ്ഥാനം കെട്ടിവെക്കേണ്ടത്. 15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കേണ്ടത്.

നെല്‍ കര്‍ഷകര്‍ക്ക് വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് സീസണുകളില്‍ ആണ് കേരളത്തില്‍ വിള ഇന്‍ഷുറന്‍സ് ലഭിക്കുക. ജൂണില്‍ വിരിപ്പ് കൃഷിക്കും സപ്തംബറില്‍ മുണ്ടകനും ഡിസംബറില്‍ പുഞ്ച കൃഷിക്കുമാണ് ഇന്‍ഷുര്‍ ചെയ്യാനാവുക.

പ്രീമിയത്തിന്റെ 15 ശതമാനമാണ് കര്‍ഷകര്‍ നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണയില്‍ അഞ്ചു ദിവസം മുമ്പാണ് ഇന്‍ഷുറന്‍സ് കമ്പനി രജിസ്‌ട്രേഷന്‍ സൈറ്റ് ഓപ്പണ്‍ ചെയ്തത്. ഇന്നലെ ക്ലോസ് ചെയ്യുകയും ചെയ്തു. കുറഞ്ഞ ദിവസം കൊണ്ട് പകുതി കര്‍ഷകര്‍ക്ക് പോലും ഇത്തവണ ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശിക അടച്ചാല്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനു സമയം നീട്ടിയെടുക്കാന്‍ ശ്രമിക്കുമെന്ന് ഷാജി രാഘവന്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t