breaking news New

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് കടുതൽ വ്യക്തമാക്കുന്ന മൊഴിയുമായി ബോർഡ് മുൻ അംഗം എൻ.വിജയകുമാർ

പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. തീരുമാനം എടുത്തതും അദ്ദേഹമാണ്. സഖാവ് പറഞ്ഞതനുസരിച്ച് മിനിട്സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നും വിജയകുമാർ മൊഴി നൽകി.

സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ വ്യക്തമാക്കി. അതേസമയം വിജയകുമാറിന്റെ മൊഴി പൂർണമായി അന്വേഷണം സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ജുഡിഷ്യൽ റിമാൻഡിൽ തുടരുന്ന വിജയകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇന്നലെയാണ് പത്മകുമാറിന്റെ ബോര്‍ഡിലെ അംഗമായ വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ല എന്നും എല്ലാം പത്മകുമാറാണ് പറഞ്ഞതെന്നും മൊഴി നൽകിയത്. വലിയ സ്വര്‍ണക്കൊളളയാണ് ലക്ഷ്യമെന്ന് അറിയില്ലായിരുന്നു എന്നും വിജയകുമാര്‍ മൊഴി നല്‍കി. നേരത്തെ വിജയകുമാറിനെയും മറ്റൊരു ബോര്‍ഡ് അംഗമായിരുന്ന കെ.പി. ശങ്കര്‍ദാസിനെയും എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതേ മൊഴി തന്നെയാണ് അന്നും ഇരുവരും നല്‍കിയത്. ഇതോടെയാണ് എ പത്മകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ വേഗത്തില്‍ കടന്നത്.

ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എൻ.വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ‌ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും എൻ.വിജയകുമാറിനും കെ.പി ശങ്കരദാസിനും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മിനിറ്റ്സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്ഐടി പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t