breaking news New

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ പ്രതിമാസം വെറുതെ ചെലവഴിക്കുന്നത് 12 കോടി !!

സര്‍ക്കാരോഫീസുകളിലെ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി ആറ് മാസമായിട്ടും മൂവായിരത്തോളം ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കാത്തതിനാലാണ് സര്‍ക്കാരിന് പ്രതിമാസം 12 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാകുന്നത്.

സംസ്ഥാനത്തെ സര്‍ക്കാരോഫീസുകളില്‍ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞതായി കേന്ദ്ര നിയമ പ്രകാരം കണ്ടെത്തിയിരുന്നു. ഇതില്‍ മൂവായിരത്തിലധികം വാഹനങ്ങള്‍ 20 വര്‍ഷം കഴിഞ്ഞതിനാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനാകില്ല. ഇന്‍ഷുറന്‍സും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെയാണ് മൂവായിരത്തോളം ഡ്രൈവര്‍മാര്‍ക്കു ജോലിയില്ലാതായത്.

കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാന്‍ ഡ്രൈവറില്ലാത്തിടത്തോ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടോ ഇവരെ പുനര്‍വിന്യസിക്കണമെന്ന് ജൂലൈ നാലിന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും പുനര്‍വിന്യാസം നടപ്പായില്ല.

കാലഹരണപ്പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രാവിലെയും വൈകീട്ടും പഞ്ചിങ് നടത്തി ഓഫീസില്‍ വെറുതേയിരിപ്പാണ്. ഒരു സീനിയര്‍ ഡ്രൈവര്‍ക്ക് 40,000-50,000 രൂപ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാല്‍പ്പോലും മൂവായിരത്തോളം പേര്‍ക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നല്‍കുന്നത്. ഇത്രയുംപേര്‍ തൊഴിലില്ലാതിരിക്കുമ്പോള്‍ പല വകുപ്പുകളിലും താത്കാലിക നിയമനം നടത്തിയിട്ടുമുണ്ട്.

അതേസമയം പല ഓഫീസുകളിലും ഇത്തരം ഡ്രൈവര്‍മാരെ തപാല്‍ വിഭാഗത്തിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. ഉത്തരവു കൊടുത്തിട്ടും നടപ്പാക്കാത്തത് ഉടന്‍ പരിശോധിക്കും. ഓരോ വകുപ്പിലും സ്‌ക്വാഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനവകുപ്പിലെ പ്രത്യേക പരിശോധനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t