എൽഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജോസ് കെ. മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് തന്നെ അപമാനിച്ച് പുറത്താക്കിയ അനുഭവം ഓർമ്മിപ്പിച്ചായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്ന മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു കഴമ്പുമില്ലെന്നും, ഈ നിലപാട് പാർട്ടി അണികളെയും ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ പോലും മുന്നണി വിടില്ലെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. മുന്നണി വിടാനായിരുന്നു ഉദ്ദേശമെങ്കിൽ അത് നേരത്തെ തന്നെ സാധ്യമാകുമായിരുന്നുവെന്നും, ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് മുന്നണി മാറ്റുന്ന രീതിയില്ലെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു. യുഡിഎഫ് നേതാക്കൾ ഇപ്പോൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറയും ശക്തിയും തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണെന്നും, എൽഡിഎഫിൽ എത്തിയ ശേഷമാണ് ആ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അപക്വമാണെന്നും സ്റ്റീഫൻ ജോർജ് വിമർശിച്ചു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ പാർട്ടി തകരുമെന്ന വാദം ശരിയാണെങ്കിൽ ജോസഫ് ഗ്രൂപ്പ് ഇന്ന് കേരളത്തിൽ നിലനിൽക്കില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണി മാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും, കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
യുഡിഎഫ് പ്രവേശന ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതൃത്വം രംഗത്തെത്തി
Advertisement
Advertisement
Advertisement