breaking news New

ശബരിമല സ്വര്‍ണ കൊള്ളയില്‍ എസ്‌ഐടി അന്വേഷണം തെരഞ്ഞെടുപ്പുകാലത്ത് മന്ദീഭവിക്കാന്‍ കാരണം സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന് കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണത്തിനു സിബിഐ വരാന്‍ സാധ്യതയേറുന്നു

തെരഞ്ഞെടുപ്പ് തീര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തിരക്കിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയെ ഉടന്‍ ചോദ്യം ചെയ്യും. കേസന്വേഷണത്തിന് ഒരു മാസത്തെ അധിക സമയം ചോദിച്ചുവാങ്ങിയ എസ്‌ഐടി തെരഞ്ഞെടുപ്പു കാലത്ത് കാട്ടിയ ഉദാസീനതയ്‌ക്ക് കാരണം ബാഹ്യ ഇടപെടലാണെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവും ഊര്‍ജ്ജിതവുമായ അന്വേഷണത്തിന് ഇഡിക്കൊപ്പം സിബിഐയും രംഗത്ത് വരാന്‍ സാധ്യത കൂടുകയാണ്.

ബിജെപിയും വിവിധ ഹിന്ദുസംഘടനകളും കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി ഹൈക്കോടതിക്കു വ്യക്തമായതോടെയാണ് ഇ ഡി അന്വേഷണത്തിലെ തടസങ്ങള്‍ നീങ്ങിയത്. സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പോലും ഇടതുസര്‍ക്കാര്‍ സ്വാധീനം ചെലുത്തുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനു
സാധ്യത തെളിയുന്നത്.

കേരളാ പോലീസിന്റെ അന്വേഷണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ നിശ്ചലമായതാണ്. പത്മകുമാറിനപ്പുറത്തേക്ക് അന്വേഷണം നീണ്ടാല്‍ ഇടതുസര്‍ക്കാരിനു തിരിച്ചടി വലുതാകും. അതിനാല്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനുളള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിലാണ് മിനിറ്റ്‌സ് അടക്കമുള്ള രേഖകളില്‍ താന്‍ തിരുത്തല്‍ വരുത്തിയതെന്ന പത്മകുമാറിന്റെ മൊഴിയിലെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്തുകൊണ്ട് എസ്‌ഐടി തയ്യാറാകുന്നില്ല എന്നതു ദുരൂഹമാണ്. ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും ചോദ്യം ചെയ്യാത്തതും വിചിത്രമാണ്.

കെ.പി. ശങ്കരദാസിന്റെ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കറിന്റെ പ്രേരണയില്‍ ഇടതു സ്വാധീനമുള്ള പോലീസ് അസോസിയേഷന്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് ഇതിനു പി
ന്നിലെന്ന ആരോപണം ശക്തമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും മെമ്പര്‍ വിജയകുമാറും തമ്മിലുള്ള ബന്ധം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. ശങ്കരദാസിനെ ഒഴിവാക്കി വിജയകുമാറിനെ മാത്രമായി ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാലാണ് അന്വേഷണം മുന്‍ മെമ്പര്‍മാരിലേക്ക് തിരിയാത്തതെന്നും ആരോപണമുണ്ട്.

ദേവസ്വം നിയമ പ്രകാരം ഏതു തീരുമാനവും സാധുവാകാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നിരിക്കെ, അതു പരിഗണിക്കാതെ മുന്‍ അംഗങ്ങളുടെ മൊഴി അപ്പാടെ വിശ്വസിക്കാനാണ് എസ്‌ഐടി ശ്രമം. പത്മകുമാര്‍ ഉന്നയിച്ച മുന്‍ മന്ത്രി കടകംപള്ളിയുടെ പങ്കും അംഗങ്ങളായിരുന്നവരുടെ പങ്കും എസ്‌ഐടി പരിഗണിക്കുന്നതേയില്ല. 2018 മുതല്‍ സിപിഎമ്മിന് അനഭിമതനായ പത്മകുമാറിന് മേല്‍ എല്ലാ കുറ്റവും കെട്ടിവെച്ച് കടകംപള്ളിയെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണിപ്പോള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t