breaking news New

ടോള്‍ പിരിവ് നൂതനമാക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ഒരു വർഷത്തിനുള്ളിൽ ടോള്‍ പിരിവിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ഹൈവേകളിൽ വാഹനമോടിക്കുന്നവർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.

പുതിയ സംവിധാനം 10 സ്ഥലങ്ങളിൽ നടപ്പിലാക്കിയതായും ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും അദ്ദേഹം ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പ്രഖ്യാപിച്ചു. “ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും ഒരു ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കും” – നിതിൻ ഗഡ്‌കരി പറഞ്ഞു.

നിലവിൽ രാജ്യത്തുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഇന്ത്യയിലെ ഹൈവേകളിലുടനീളം ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), നാഷണൽ ഇലക്ട്രോണിക് ടോൾ പിരിവ് (എൻ‌ഇ‌ടി‌സി) പ്രോഗ്രാം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അടുത്തിടെ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ കൂടുതൽ വ്യക്തത വരുത്തിയത്.

ഇലക്ട്രോണിക് ടോൾ പേയ്‌മെൻ്റുകൾക്കായുള്ള ഏകീകൃതവും പ്രവർത്തനക്ഷമവുമായ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു. വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) അടിസ്ഥാനമാക്കിയുള്ള ഫാസ്റ്റ് ടാഗ് വഴിയാണ് പ്രവർത്തനം.

“ടോൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ സുഗമമായ ചലനം സാധ്യമാക്കുന്നതിനുമുള്ള ശ്രമത്തിൽ, മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് എഐ അനലിറ്റിക്‌സുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ, അധിഷ്‌ഠിത ഇലക്ട്രോണിക് ടോൾ കളക്ഷൻ (FASTag) എന്നിവയുടെ സംയുക്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ തടസമില്ലാത്ത ടോളിങ് സാധ്യമാക്കുന്നു” – നിതിൻ ഗഡ്‌കരി വ്യക്തമാക്കി.

ഉപയോക്തൃ ഫീസ് പിരിവിന് നൂതന രീതികൾ അവതരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t