breaking news New

ഓണ്‍ലൈനുകളിലെ രാജ്യവിരുദ്ധ, അശ്ലീല ഉള്ളടക്കങ്ങള്‍ വിലക്കാന്‍ കര്‍ശനമായ നിയമം വേണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സമയോചിതം ...

ഒരര്‍ത്ഥത്തില്‍ ഇതിനുള്ള സമയം പണ്ടേ അതിക്രമിച്ചതാണ്. മോശം ഉള്ളടക്കമുള്ള പരിപാടികള്‍ അവതരിപ്പിച്ച പോഡകാസ്റ്റേഴ്‌സും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് സുപ്രധാനമായ ഈ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

ഇതിനുവേണ്ടി സമിതി രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കുവാന്‍ ആധാര്‍ അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. അശ്ലീലം പുസ്തകത്തിലായാലും ചിത്രത്തില്‍ ആയാലും അത് പരസ്യമായിട്ടാണെങ്കില്‍ നിയന്ത്രണം അത്യാവശ്യമാണ്. ഫോണ്‍ തുറന്നാല്‍ വേണ്ടാത്തതോ ആഗ്രഹിക്കാത്തതോ ആയ കാര്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നെ എന്തു ചെയ്യും എന്നാണ് കോടതി ചോദിച്ചത്.

ചിലപ്പോള്‍ ഉള്ളടക്കത്തെപ്പറ്റി മുന്നറിയിപ്പ് ലഭിക്കുമെങ്കിലും അതുപോരെന്നും, ഓണ്‍ലൈനില്‍ പരതുന്നവരുടെ പ്രായം പരിശോധിക്കാന്‍ സംവിധാനം വേണമെന്നും കോടതി പറയുന്നതിന്റെ ഗൗരവം എല്ലാവര്‍ക്കും മനസ്സിലാവും. ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും, ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും കോടതി പറയുമ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാം.

സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരെങ്കിലും വേണമെന്നും, അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കാനാവാത്ത അവകാശമാണെങ്കിലും, വികൃതമാകാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ട് കോടതിയുടെ നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിന്തുണയ്‌ക്കുയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഒരു സ്വയംഭരണ സ്ഥാപനം വേണം. അനുവദിക്കാവുന്നതും അനുവദിക്കാന്‍ പാടില്ലാത്തതും എന്തൊക്കെയാണെന്ന് ഈ സ്ഥാപനം തീരുമാനിക്കട്ടെ. അതേസമയം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പാലിക്കപ്പെടണം. ആരുടെയും വായ് മൂടി കെട്ടാനും പാടില്ല. എന്തെങ്കിലും വൈകല്യമുള്ളവരെ അവഹേളിക്കാനും അനുവദിക്കരുത്. എസ് സി എസ് ടി നിയമം പോലെ കര്‍ശന നിയമം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഹാസ്യം എന്ന പേരില്‍ മറ്റുള്ളവരെ അവഹേളിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറയുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ ഉള്ളടക്കം നിറയുന്നതിന്റെ അപകടത്തിലേക്കും സുപ്രീംകോടതി വിരല്‍ ചൂണ്ടുകയുണ്ടായി. ഇത് ആശങ്കാജനകമാണെന്നും, രാജീവിരുദ്ധവും സാമൂഹ്യഘടന തകര്‍ക്കുന്നതുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രണം പര്യാപ്തമാവില്ലെന്നും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. എന്തെങ്കിലും ഒരു കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കുമ്പോഴേക്കും അത് ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിയുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്നും കോടതി തന്നെ പറഞ്ഞിരിക്കുന്നു.

സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ ഈ സമയപരിധി മതിയാവുമെന്ന് തോന്നുന്നില്ല. മുന്‍കാലത്ത് ഇത്തരം ചില നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വരികയുണ്ടായി. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സമ്മതിക്കില്ലെന്നും മറ്റുമാണ് ഇവര്‍ പറഞ്ഞത്. ഫലപ്രദമല്ലെന്ന് ഇപ്പോള്‍ കോടതി തന്നെ പറയുന്ന സ്വയം നിയന്ത്രണമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവയ്‌ക്കാറുള്ളത്. ഫലപ്രദമാവില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.

സുപ്രീം കോടതി പോലും ഈ പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ആരും മറന്നുകാണില്ല. സോഷ്യല്‍ മീഡിയ നിരോധിച്ചതു കൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു ചോദ്യം. എന്തായിരുന്നു അതിന്റെ ഫലം, എല്ലാവരും കണ്ടതല്ലേ അതെന്നുള്ള പരാമര്‍ശവുമുണ്ടായി. ഡിജിറ്റല്‍ ഉള്ളടക്കത്തിലെ നിയന്ത്രണങ്ങള്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നത് എങ്ങനെയെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് നേപ്പാളിലെ അനുഭവമെന്നും കോടതി സൂചിപ്പിക്കുകയുണ്ടായി.

അതേ കോടതി തന്നെ ഇപ്പോള്‍ മാറി ചിന്തിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇതിനനുസൃതമായ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഉണ്ടാകണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t