കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ്, പണമോ രേഖകളോ ഇല്ലെന്നതിന്റെ പേരില്‍ അടിയന്തര ചികിത്സ നിഷേധിക്കരുതെന്നും അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ അടിയന്തര ചികിത്സ നല്‍കേണ്ടത് ആശുപത്രികളുടെ നിര്‍ബന്ധിത ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിന് തടയിടുന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം. ഓരോ ചികിത്സാ കേന്ദ്രത്തിലും ലഭ്യമാകുന്ന സേവനങ്ങളും അതിനുള്ള നിരക്കും എല്ലാവരും കാണത്തക്കവിധം ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസ്സോസിയേഷനും ഐ എം എയും ചേര്‍ന്നാണ് ഇതിനെതിരെ ഹരജി ഫയല്‍ ചെയ്തത്.
ആരോഗ്യ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. സ്വകാര്യ ആശുപത്രികളുടെ എണ്ണത്തിലും വലിപ്പത്തിലും ഈ നേട്ടം കൂടുതല്‍ പ്രകടമാണ്. സംസ്ഥാനത്തിന്റെ എല്ലാ മുക്കുമൂലകളിലും പ്രവര്‍ത്തിച്ചു വരുന്നു സ്വകാര്യ ആശുപത്രികള്‍. അതേസമയം വലിയ നിക്ഷേപകരുടെയും കോര്‍പറേറ്റ് ഗ്രൂപ്പുകളുടെയും മത്സര രംഗമായി മാറിയിരിക്കുകയാണ് മെഡിക്കല്‍ മേഖല. ഈ വളര്‍ച്ചക്കിടയില്‍ ആശുപത്രി നടത്തിപ്പ് ബിസിനസ്സ് എന്നതിനപ്പുറം സേവനം കൂടിയാണെന്ന വസ്തുത പലരും മറന്നു പോകുന്നു. മുന്‍കൂര്‍ പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും അത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നത് പതിവു വാര്‍ത്തകളാണ്. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍.
ആരോഗ്യം മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. ജീവിക്കാനുള്ള അവകാശത്തെ ഭരണഘടന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മതിയായ ചികിത്സാ സംവിധാനങ്ങള്‍ അനിവാര്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിമിതമാക്കാന്‍ സാധിക്കില്ല ഈ ഉത്തരവാദിത്വം. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ബാധകമാണ്. ചില അടിയന്തര ഘട്ടങ്ങളില്‍ സാമ്പത്തിക താത്പര്യങ്ങള്‍ക്കുപരി മാനുഷിക- ധാര്‍മിക താത്പര്യവും മാനിക്കാന്‍ ബാധ്യതയുണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക്. ആകസ്മികമായി ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച ഒരു രോഗിയുടെ കാര്യത്തില്‍, പെട്ടെന്ന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് പ്രായോഗിക മാര്‍ഗം. ഗുരുതര ആരോഗ്യ പ്രശ്നമുള്ള രോഗി ചികിത്സ തേടിയെത്തുമ്പോള്‍, അയാളെ മരണമുഖത്ത് നിന്ന് രക്ഷിക്കാനുള്ള ചികിത്സ നല്‍കുകയെന്നത് പൊതു-സ്വകാര്യ വ്യത്യാസമില്ലാതെ ആശുപത്രികളുടെ ഉത്തരവാദിത്വമാണ്. അന്നേരം മുന്‍കൂര്‍ പണമടക്കാന്‍ ആവശ്യപ്പെടുന്നതും ഇന്‍ഷ്വറന്‍സ് ആനുകൂല്യമുണ്ടോ എന്ന് തിരക്കുന്നതും അതടിസ്ഥാനത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകുകയുള്ളൂവെന്ന് ശഠിക്കുന്നതും മനുഷ്യത്വപരമല്ല.
ഭൗതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയല്ല മാനുഷികതയെ അടിസ്ഥാനമാക്കിയാണ് ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ വിലയിരുത്തേണ്ടത്. പണമില്ലാത്തവരുടെ ജീവനും അമൂല്യമാണെന്നും അഡ്വാന്‍സ് പെയ്മെന്റിനേക്കാള്‍ മൂല്യമേറിയതാണ് മനുഷ്യന്റെ ജീവനെന്നുമുള്ള ബോധം ആശുപത്രി നടത്തിപ്പുകാരിലടക്കം വളര്‍ന്നു വരുമ്പോഴാണ് സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ച പ്രകടമാകുന്നത്. ആകസ്മികമായി ഒരു വ്യക്തിക്ക് ഗുരുതര ആരോഗ്യ പ്രശ്നം നേരിട്ടാല്‍, അവന്റെ കൈയിലുള്ള പണത്തിന്റെ തോതനുസരിച്ച് മാത്രമാകരുത് ചികിത്സ.
ഒരു രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ഡിസ്ചാര്‍ജ് സമ്മറിക്കൊപ്പം ഇ സി ജി, എക്സ്-റേ, സി ടി സ്‌കാന്‍ തുടങ്ങി ചികിത്സാ സംബന്ധമായ എല്ലാ രേഖകളും വിവരങ്ങളും രോഗിക്ക് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ബില്ലിലെ തുക പൂര്‍ണമായി അടക്കാത്തതിന്റെ പേരിലോ മറ്റെന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞോ ആശുപത്രി അധികൃതര്‍ ഇത്തരം രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന പ്രവണതയുണ്ട്. തുടര്‍ ചികിത്സക്ക് ഈ ആശുപത്രിയെ തന്നെ ആശ്രയിക്കണമെന്ന സ്വാര്‍ഥ ചിന്തയാണിതിനു പിന്നില്‍. നിയമ പ്രകാരം ചികിത്സാ സംബന്ധമായ രേഖകള്‍ രോഗികളുടെ അവകാശമാണ്. അത് രോഗിയുടെ സ്വകാര്യ ഡാറ്റയാണ്. രോഗി ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ആശുപത്രി അത് നല്‍കിയിരിക്കണം. അവ പിടിച്ചു വെക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അധികാരമില്ല. എന്‍ എ ബി എച്ച് (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അംഗീകാരമുള്ള ആശുപത്രികളുടെ ഇത്തരം പ്രവര്‍ത്തനം സര്‍ട്ടിഫിക്കേഷന്‍ ലംഘനമായി കണക്കാക്കപ്പെടും. രോഗിയില്‍ നിന്ന് ആശുപത്രിക്ക് പണം ലഭിക്കാനുണ്ടെങ്കില്‍ അത് ഈടാക്കേണ്ടത് ചികിത്സാ രേഖകള്‍ തടഞ്ഞു വെച്ചല്ല, നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിച്ചാണ്.
ചികിത്സാ രേഖകള്‍ തടഞ്ഞു വെക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനും വ്യക്തമാക്കുന്നു. രോഗി ചികിത്സ അവസാനിപ്പിച്ചു പോകുമ്പോള്‍ ഡിസ്ചാര്‍ജ് സമ്മറിയോടൊപ്പം ആശുപത്രിയിലെ മുഴുവന്‍ ടെസ്റ്റുകളുടെയും റിസല്‍ട്ട് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ആര്‍ക്കും വായിക്കാവുന്ന വിധം ഡിസ്ചാര്‍ജ് സമ്മറിയില്‍ നല്‍കണമെന്നും രോഗി പരാതിപ്പെട്ടാല്‍ വിവരാവകാശ കമ്മീഷന്‍ അത് വാങ്ങിച്ചു കൊടുക്കുമെന്നും 2024ല്‍ കൊല്ലത്ത് നടന്ന ഒരു ചടങ്ങില്‍ അന്നത്തെ വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം വ്യക്തമാക്കിയിരുന്നു. ഈ അവകാശത്തെക്കുറിച്ച് രോഗികള്‍ ബോധവാന്മാരാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ തുടര്‍ചികിത്സക്ക് മറ്റു ആശുപത്രികളെ സമീപിക്കാന്‍ സാധിക്കാതെ വരും.
സാമൂഹിക നീതിക്കും ചികിത്സാ നൈതികതക്കും ഊന്നല്‍ നല്‍കുന്നതാണ് പണമില്ലാത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് : ആശുപത്രികൾ കോർപ്പറേറ്റ് ബിസിനസ് കേന്ദ്രങ്ങൾ ആക്കരുത് ... സി മീഡിയ സ്പെഷ്യൽ റിപ്പോർട്ട് ...
Advertisement
Advertisement
Advertisement