breaking news New

ശബരിമലയില്‍ ഇപ്പോഴുള്ളത് പുതിയ ദ്വാരപാലക ശില്‍പ പാളികള്‍ !! യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ കടല്‍ കടത്തി !!

ഒരാഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലില്‍ നിന്നു സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റി ശേഖരിച്ച സാമ്പിളുകളുടെ പ്രാരംഭ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രാസ പരിശോധനാഫലം വന്നിട്ടില്ല. അതുകൂടി ലഭിക്കുന്ന മുറയ്‌ക്കേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്കൂ. അതോടെ സ്വര്‍ണക്കൊള്ള കേസിന്റെ ഗതിയും വ്യാപ്തിയും മാറും.

നേരത്തേ ഹൈക്കോടതി നടത്തിയ നിരീക്ഷണം ശരിവയ്‌ക്കുന്ന രീതിയിലാണ് അന്വേഷണ സംഘത്തിനു ലഭിച്ച പ്രാഥമിക പരിശോധനാഫലം. ഇതോടെ, 2019ല്‍ കവര്‍ന്ന സ്വര്‍ണത്തോടൊപ്പം യഥാര്‍ത്ഥ ശില്‍പ പാളികളും പുരാവസ്തുക്കള്ളക്കടത്തുകാര്‍ക്കു മറിച്ചു വിറ്റെന്ന നിഗമനം ശരിവയ്‌ക്കപ്പെടുകയാണ്. പഴയ പാളികളുടെ മോള്‍ഡ് നിര്‍മിച്ച് അതേ രൂപത്തില്‍ പുതിയ ചെമ്പുപാളികളില്‍ തയാറാക്കിയ ദ്വാരപാലക രൂപങ്ങളിലാണ് സ്വര്‍ണം പൂശി സന്നിധാനത്തു സമര്‍പ്പിച്ചതെന്നും വ്യക്തമാകുന്നു. 2019ലെ സമാനതകളില്ലാത്ത മോഷണം പുറത്തറിയാതിരിക്കാനാണ് ഈ വര്‍ഷം സപ്തംബര്‍ ഏഴിന് ദ്വാരപാലക ശില്‍പത്തില്‍ നിന്ന് അതീവ രഹസ്യമായി വീണ്ടും പാളികള്‍ ഇളക്കി ചെന്നൈയിലെത്തിച്ചു സ്വര്‍ണം പൂശിയതെന്നും വ്യക്തം.

ഒക്ടോബര്‍ 24ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോഴാണ് ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ 460 ഗ്രാം സ്വര്‍ണം താന്‍ കര്‍ണാടക ബെല്ലാരിയിലുള്ള റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന് മറിച്ചുവിറ്റതായി വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനൊടുവില്‍ ബെല്ലാരിയിലെ ജൂവലറിയില്‍ നിന്ന് ഈ സ്വര്‍ണം എസ്‌ഐടി കണ്ടെത്തുകയും ചെയ്തു. വിഗ്രഹ ലോബിക്കു സ്വര്‍ണം പൊതിഞ്ഞ പാളികള്‍ മറിച്ചുവിറ്റതു മറയ്‌ക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് എസ്‌ഐടിക്ക് സംശയമുയര്‍ന്നത് 2020ല്‍ ഗോവര്‍ദ്ധന് കൈമാറിയതായി പറയുന്ന സ്വര്‍ണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് ആഭരണമാക്കി വിറ്റില്ല എന്നതിലാണ്.

കേസുമായി ബന്ധപ്പെട്ടു നാഗേഷ്, കല്‍പേഷ് എന്നീ പേരുകള്‍ പോറ്റി വളരെ നേരത്തേ വെളിപ്പെടുത്തിയതും ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നു വേര്‍പെടുത്തിയ സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു വാങ്ങി ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ റോധം ജൂവലറിയിലെത്തിച്ചതും താനാണെന്ന വെളിപ്പെടുത്തലുമായി പിന്നീട് കല്‍പേഷ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതും എസ്‌ഐടിയുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്നു കല്‍പേഷ് മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന നിഗമനത്തിലാണ് എസ്‌ഐടി.

സന്നിധാനത്തു നിന്ന് എസ്‌ഐടി ശേഖരിച്ച പാളികളുടെ സാമ്പിള്‍ പരിശോധനാ ഫലം ഔദ്യോഗികമായി ലഭിച്ച ശേഷം ഗോവര്‍ദ്ധന്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t