breaking news New

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്‌ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാതലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ, സബ് കളക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഒരു സ്ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ അല്ലെങ്കിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും രൂപീകരിക്കാനാണ് നിർദേശം.

നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റുകൾ, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയും തുടർനടപടികൾ സ്വീകരിച്ചും പോകും.

പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിച്ചിട്ടുള്ള കമ്മീഷൻ ഉത്തരവിനുസരിച്ച് ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും സ്ക്വാഡ് നിരീക്ഷിക്കും. ലംഘനം കണ്ടെത്തിയാൽ ഉടൻ നടപടിയും സ്വീകരിക്കും.

നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ നിർത്തിവെക്കാനും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാനും നിർദ്ദേശം നൽകും. നിർദേശം പാലിക്കാതിരുന്നാൽ അതത് അധികാരികൾ അവ നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t