breaking news New

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് പ്രശാന്ത് പുറത്തേക്ക്

പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും അന്തിമ തീരുമാനം.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. പി എസ് പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക് എന്ന സൂചനയാണ് പുറത്ത് വരുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണ് പിഎസ് പ്രശാന്തിനും എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് എത്തിച്ചത് എന്നാണ് വിവരം.

അതേസമയം മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട് കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ പുറത്ത് വരുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് പ്രശാന്ത് സ്ഥാനം ഒഴിയുന്നതോടെ മുൻ എംപി എ സമ്പത്തിനെയാണ് സർക്കാർ പരിഗണിക്കുന്നത്. കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പിഎയായിരുന്നു എ സമ്പത്ത്. അതേസമയം ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും വിവരമുണ്ട്. അതിനിടെ നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t