വാതിൽപ്പാളിയിൽ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടി തുടർച്ചയായി പരിശോധനകൾ നടത്തുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഉറപ്പുവരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 2018 മുതൽ ശബരിമലയിൽ സേവനമനുഷ്ഠിച്ച ജീവനക്കാരുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ സന്നിധാനത്തും പിന്നീട് ദേവസ്വം ബോർഡ് ആസ്ഥാനത്തുമാണ് സംഘം പരിശോധന നടത്തിയത്. വാതിൽപ്പാളിയുടെ പകർപ്പ് തയ്യാറാക്കുന്നതിനുള്ള അനുമതി സംബന്ധിച്ച രേഖകൾ കണ്ടെത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ.
കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും തിരുവാഭരണം മുൻ കമ്മീഷണറുമായ എൻ. വാസുവിനെ മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ട്. അദ്ദേഹം ദേവസ്വം ബോർഡിൽ ഇല്ലാതിരുന്ന സമയത്തും ശക്തമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണത്തിലൂടെ കണ്ടെത്തലുകളുണ്ട്. കഴിഞ്ഞ ദിവസം ആറാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന് ശേഷമാണ് വാസുവിനെയും വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്ത ശേഷം വിളിച്ചാൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ വാസുവിനെ വിട്ടയച്ചു. നിർണായക തെളിവുകൾ കൂടുതൽ ശേഖരിച്ച ശേഷം വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.
ഈ കേസ് സാധാരണ മോഷണമായി കാണാനാകില്ലെന്നും, രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമായിരിക്കാമെന്നുമുള്ള ശക്തമായ സംശയമാണ് കേരള ഹൈക്കോടതി പ്രകടിപ്പിച്ചത്. ശബരിമലയിലെ വാതിൽപ്പാളിയുടെ പകർപ്പ് ഉണ്ടാക്കി വിദേശ മാർക്കറ്റിൽ എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തന ശൃംഖലയെ കുറിച്ചാണ് കോടതി സൂചന നൽകിയത്. കുപ്രസിദ്ധ കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ രീതികളുമായി സാമ്യമുണ്ടെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. 1999-ൽ വിജയ് മല്യ സംഭാവന ചെയ്ത വാതിൽപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കടത്തിയതാണോ എന്ന സംശയവും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം കൂടുതൽ ആഴത്തിൽ എത്തിയിരിക്കുകയാണ്.
ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ സന്നിധാനത്ത് പരിശോധന തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം
Advertisement
Advertisement
Advertisement