breaking news New

സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്നാരോപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാർ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി

ഭാവി സമരപരിപാടികൾ തീരുമാനിക്കുന്നതിനായി സമര സമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണിതെന്നും, ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും ആശാ വർക്കർമാർ കുറ്റപ്പെടുത്തി. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നും, ഈ നിലപാട് പ്രതിഷേധാർഹമാണെന്നും അവർ വ്യക്തമാക്കി. 264 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ അവരുടെ ആവശ്യങ്ങൾക്കായി സമരം തുടരുകയാണ്.

ഇതിനിടെ, സംസ്ഥാന സർക്കാർ വമ്പൻ ക്ഷേമപദ്ധതികളും സഹായ പദ്ധതികളും ഉൾക്കൊള്ളുന്ന പ്രഖ്യാപനങ്ങൾ നടത്തി. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതികൾ ജനപ്രീയത നേടുന്നതായാണ് വിലയിരുത്തൽ. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 35 നും 60 നും ഇടയിൽ പ്രായമുള്ള, ഇപ്പോൾ സഹായം ലഭിക്കാത്ത പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാനുള്ള പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.

അതേസമയം, അങ്കണവാടി ജീവനക്കാർക്കും, സാക്ഷരതാ പ്രേരകർക്കും, ആശാ വർക്കർമാർക്കും 1000 രൂപയുടെ ഓണറേറിയം വർധനയും പ്രഖ്യാപിച്ചിരിക്കുകയാണ്.

യുവാക്കൾക്കായി വരുമാനം പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും സർക്കാർ നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി എ കൂടി അനുവദിച്ചതും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ പദ്ധതികളിൽ ആശാ വർക്കർമാരുടെ പ്രധാന ആവശ്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നാരോപിച്ച് അവരുടെ സമരം ശക്തമാകുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t