ജീവനാംശം അനുവദിക്കുന്നത് ഒരു ‘ഓട്ടോമാറ്റിക് പ്രക്രിയ’ അല്ലെന്നും, സാമ്പത്തികമായി സ്വതന്ത്രമായ വ്യക്തിക്ക് അതിനുള്ള അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് ‘എ’ ഓഫീസറായ യുവതി സമർപ്പിച്ച ജീവനാംശ ഹർജിയാണ് കോടതി തള്ളിയത്. അഭിഭാഷകനായ ഭർത്താവിൽ നിന്ന് സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവുമാണ് വിവാഹമോചന സമയത്ത് യുവതി ആവശ്യപ്പെട്ടിരുന്നത്. 2010-ൽ വിവാഹിതരായ ദമ്പതികൾ ഒരു വർഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്. പിന്നീട് 2023 ഓഗസ്റ്റിൽ വിവാഹബന്ധം വേർപെടുത്തിയതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് വിവാഹമോചനത്തോട് വ്യക്തമായ എതിർപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക മാത്രമാണ് യുവതിയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. വിവാഹബന്ധം നിലനിർത്താനുള്ള ആഗ്രഹം കാണിക്കുന്നതിനു പകരം, നിശ്ചിത തുക ലഭിച്ചാൽ വിവാഹമോചനത്തിന് സമ്മതിക്കാമെന്ന നിലപാടാണ് യുവതി സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, സ്നേഹം, ബന്ധം, അനുരഞ്ജനം തുടങ്ങിയവയ്ക്കല്ല യുവതിയുടെ മുൻഗണന, മറിച്ച് സാമ്പത്തിക പരിഗണനകൾക്കാണ് മുൻതൂക്കം നൽകിയതെന്ന് കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹനിയമത്തിലെ സെക്ഷൻ 25 പ്രകാരം ജീവനാംശം നൽകുന്നതിൽ കോടതികൾക്ക് വിവേചനാധികാരം ഉള്ളതാണെന്ന് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കക്ഷികളുടെ വരുമാനം, സ്വത്ത്, പെരുമാറ്റം, കുടുംബസ്ഥിതി, മറ്റു പ്രസക്തമായ സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചശേഷം മാത്രമേ ജീവനാംശം അനുവദിക്കാവൂ എന്ന് അവർ പറഞ്ഞു. ഈ നിയമത്തിന്റെ ലക്ഷ്യം വിവാഹമോചനത്തിന് ശേഷം ഉപജീവനമാർഗമില്ലാത്ത പങ്കാളി അഗതിയാകരുതെന്ന ഉറപ്പാണ്. അതായത്, ജീവനാംശം സാമ്പത്തിക നീതി ഉറപ്പാക്കുന്നതിനായുള്ള ഒരു സാമൂഹിക നീതി സംവിധാനമാണെന്നും കോടതി വ്യക്തമാക്കി.
“ജീവനാംശം നൽകുന്നത് സാമൂഹിക നീതിയ്ക്കായി മാത്രമാണ്, അത് സമ്പന്നരാകാനുള്ള മാർഗമോ പങ്കാളികളുടെ സാമ്പത്തിക നില തുല്യമാക്കാനുള്ള ശ്രമമോ അല്ല,” എന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക സഹായം ആവശ്യപ്പെടുന്നവർക്ക് അതിനുള്ള തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഈ കേസിൽ അപ്പീൽ നൽകിയ യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്, സ്ഥിരവരുമാനമുള്ളവളാണ്, ആശ്രിതരാരുമില്ല. സാമ്പത്തിക ബുദ്ധിമുട്ടോ ആശ്രിതത്വമോ രോഗാവസ്ഥയോ കുടുംബപരമായ കടപ്പാടുകളോ ഉണ്ടെന്ന തെളിവൊന്നും ഹാജരാക്കിയിട്ടില്ല. ഭർത്താവിനെയും യുവതിയെയും തമ്മിൽ വരുമാന വ്യത്യാസം കൂടുതലാണെന്ന സൂചനയും രേഖകളും ഇല്ലാത്തതിനാൽ, ജീവനാംശം അനുവദിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചന സമയത്ത് സാമ്പത്തികമായി സ്വയം പര്യാപ്തനായ പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി
Advertisement

Advertisement

Advertisement

