സ്വർണക്കൊള്ളയിൽ വൻഗൂഢാലോചന നടന്നെന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ദേവസ്വം ഭരണസമിതിയും തനിക്ക് സഹായം നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഇതിനെല്ലാം താൻ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
കൽപേഷിനെ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. പലരിൽ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നൽകി. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലെയും പ്രധാന പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ഇന്നലെ രാവിലെ ഇയാളെ പുളിമാത്തെ വീട്ടിൽനിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പത്തുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് വിവരം. ചില രേഖകകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു.
രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു വീട്ടുകാരെ അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമം ലംഘിച്ചതായി ആരോപിച്ചു പോറ്റിയുടെ അഭിഭാഷകൻ വൈകിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടുകാർക്കു വിവരങ്ങൾ കൈമാറിയത്. ശബരിമലയുടെ മറവിൽ പോറ്റി ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് വിജിലൻസ് റിപ്പോർട്ട്.
സ്പോൺസർ എന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശലിൽ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയിൽ ഇതിന് അമ്പത് ലക്ഷത്തോളം രൂപ വില മതിക്കും.
ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ !!
Advertisement

Advertisement

Advertisement

