breaking news New

താന്‍ താമസിക്കുന്ന ക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ടെന്ന് മകന് അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമര്‍ശത്തോടെ വീണ്ടും ശ്രദ്ധ നേടുകയാണ് ക്ലിഫ് ഹൗസ് എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കെട്ടിടം : ക്ലിഫ് ഹൗസിനെ പറ്റി കൂടുതൽ അറിയാം ...

കേരള സംസ്ഥാന പിറവിക്കു ശേഷം ആദ്യം മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരില്‍ ഭൂരിഭാഗം പേരും താമസിച്ചിരുന്നത് ക്ലിഫ് ഹൗസിലാണ്. എന്നാല്‍, ചിലപ്പോള്‍ ക്ലിഫ് ഹൗസ് വിവാദങ്ങളുടെ കേന്ദ്രമായും മാറിയിട്ടുണ്ട്. കെ. കരുണാകരന്‍ നീന്തല്‍ക്കുളവും പിണറായി വിജയന്‍ കാലിത്തൊഴുത്തും നിര്‍മ്മിച്ചത് ക്ലിഫ് ഹൗസില്‍ തന്നെയാണ്.

ദേവസ്വം വകുപ്പിന്റെ ചാര്‍ജുണ്ടായിരുന്ന ദിവാന്‍ പേഷ്‌കാര്‍ക്കു താമസിക്കാന്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1939 ല്‍ ആണു ക്ലിഫ് ഹൗസിന്റെ നിര്‍മാണം ആരംഭിച്ചത്. 1942ല്‍ ക്ലിഫ് ഹൗസിന്റെ പണി പൂര്‍ത്തിയായതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. ബ്രിട്ടിഷ് ഭരണകാലത്ത് എക്സൈസ് കമ്മിഷണര്‍ ഈ വസതിയില്‍ താമസിച്ചിരുന്നു. മഹാത്മാഗാന്ധിയും ഈ കെട്ടിടത്തില്‍ താമസിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം
പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു ഗസ്റ്റ് ഹൗസായി ഉപയോഗിച്ചു. 1957 മുതല്‍ കെട്ടിടം മുഖ്യമന്ത്രിമാരുടെ വസതിയായി. വിവിധ സര്‍ക്കാരുകളുടെ കാലത്ത്, പഴക്കമുള്ള ഈ കെട്ടിടം ഇടിച്ചു കളഞ്ഞ് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍, ചരിത്രപ്രാധാന്യമുള്ള കെട്ടിടമായതിനാല്‍ ഒരു സര്‍ക്കാരും ഇതിനു മുതിര്‍ന്നില്ല. ലക്ഷക്കണക്കിനു രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങളും തൊഴുത്തു നിര്‍മാണവും ഉള്‍പ്പെടെ നടന്നിരുന്നു.

തിരുവനന്തപുരം നന്തന്‍കോടുള്ള ക്ലിഫ് ഹൗസിന് 15,000 ചതുരശ്ര അടിയാണ് വലുപ്പം. മൊത്തം 4.2 ഏക്കര്‍ ആണ് ക്ലിഫ് ഹൗസ് വളപ്പ്. ഇതിനുള്ളില്‍ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്. കേരളീയ വാസ്തുശില്‍പരീതിയും കൊളോണിയല്‍ ഇംഗ്ലിഷ് വാസ്തുശില്‍പരീതിയും സംയോജിപ്പിച്ചതാണു മന്ദിരത്തിന്റെ രൂപകല്‍പന. ഏഴ് കിടപ്പുമുറികളും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വാസസ്ഥലങ്ങളും ഇവിടെയുണ്ട്. മറ്റേത് ഔദ്യോഗിക വസതിയെയും പോലെ വീട്ടിനുള്ളില്‍ ഒരു ഓഫീസ് സൗകര്യങ്ങളുമില്ല. വീട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ്. എങ്കിലും ക്ലിഫ് ഹൗസിനുള്ളില്‍ ഒരു കോണ്‍ഫറന്‍സ് മുറി സജ്ജമാക്കിയിട്ടുണ്ട്. ഇത് അനൗദ്യോഗിക യോഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. വീടിന് വലിയ നാലു വരാന്തകളുണ്ട്. ഇതില്‍ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പമുള്ളത്. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുറി. ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങള്‍ക്കായി രണ്ട് സ്വകാര്യ മുറികള്‍ കൂടി ഇവിടെയുണ്ട്.

ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോണ്‍ഫറന്‍സ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകള്‍ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിംഗ് റൂമും ഭക്ഷണമുറിയും പടിഞ്ഞറുവശത്ത് മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്. പ്രൈവറ്റ് സെക്രട്ടറിമാര്‍, അസിസ്റ്റന്റുമാര്‍, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന ഭവനത്തിനു പുറത്താണ്. റോസ് മുതല്‍ ഓര്‍ക്കിഡും റമ്പൂട്ടാനും വരെ ക്ലിഫ് ഹൗസ് വളപ്പിലുണ്ട്. നൂറില്‍പ്പരം ചെടികള്‍. ഇതെല്ലാം നോക്കാന്‍ ജീവനക്കാരുമുണ്ട്. മികച്ച കന്നുകാലി ഇനങ്ങളിലൊന്നായ സഹിവാള്‍ ഉള്‍പ്പെടെ നാല് പശുക്കള്‍. ജഴ്സി, വെച്ചൂര്‍, ഹോള്‍സ്റ്റീന്‍ ഇനത്തില്‍പ്പെട്ടതുമുണ്ട്. കന്നുക്കുട്ടികള്‍ മൂന്നെണ്ണം. ദിവസവും എട്ടുമുതല്‍ 12 ലീറ്റര്‍ വരെ പാലും ലഭിക്കുന്നുണ്ട്. പാവല്‍, പടവലം, കോവല്‍, വെണ്ട, പയര്‍, തക്കാളി തുടങ്ങിയവയ്ക്കു പുറമേ ശീതകാല പച്ചക്കറികളും അലങ്കാരച്ചെടികളും കൃഷി ചെയ്യുന്നു. ഭരണനിര്‍വഹണ സ്ഥാപനമായ സെക്രട്ടേറിയറ്റില്‍നിന്നു നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് ക്ലിഫ് ഹൗസ്.

കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 1995-96ല്‍ എ.കെ ആന്റണി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ സ്വന്തം വസതിയായ 'അഞ്ജനവും' അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2005-06 കാലയളവില്‍ സ്വന്തം വസതിയായ 'പുതുപ്പള്ളി ഹൗസും' ആണ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസിലേക്കു മാറിയിരുന്നു. കെ.കരുണാകരനായി നീന്തല്‍ക്കുളം നിര്‍മിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

കെ. കരുണാകരന്റെ കാലത്തു നിര്‍മിച്ച കുളത്തില്‍ തന്റെ പട്ടി ടോമിയെ കുളിപ്പിക്കും എന്നായിരുന്നു നായനാര്‍ പറഞ്ഞത്. മുഖ്യമന്ത്രിയായി ആദ്യം ക്ലിഫ് ഹൗസില്‍ ചെന്നപ്പോള്‍ ടോമിയെ നീന്തല്‍ക്കുളം കാണിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. കെ. കരുണാകരന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭാര്യ കല്യാണി തങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി ഒരു വലിയ പച്ചക്കറിത്തോട്ടം പരിപാലിച്ചിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് അദ്ദേഹത്തിന്റെ താല്പര്യത്തില്‍ ഒരു വാഴത്തോട്ടം ഉണ്ടായിരുന്നു. മൂന്നു വര്‍ഷത്തിനു മുന്‍പാണ് 35 ലക്ഷത്തോളം രൂപ ചെലവിട്ട് കാലിത്തൊഴുത്ത് നിര്‍മ്മിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t