ഉണ്ണിക്കണ്ണന് ഇന്ന് പിറന്നാൾ ദിനം. വിശ്വാസികൾക്ക് ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. ഐതിഹാസിക പുരാണ കഥാപാത്രങ്ങളിലൊന്നായ മഹാവിഷ്‌ണുവിൻ്റെ ഏട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണൻ്റെ ജന്മദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി ആഘോഷിക്കുന്നത്.
ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്‌ടമിയും ചേർന്ന് വരുന്ന ദിനത്തിലാണ് ശ്രീകൃഷ്‌ണൻ ജനിച്ചത് എന്നാണ് ഐതിഹ്യം. ധർമ സംസ്ഥാപനത്തിനായാണ് ശ്രീകൃഷ്‌ണൻ അവതരിച്ചതെന്ന് ഇതിഹാസങ്ങൾ പറയുന്നു. ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാർ ദ്വാപര യുഗത്തിൽ ഭുമിയിൽ പിറന്നുവെന്നാണ് സങ്കൽപ്പം.
ഭൂമിയിൽ അസുരന്മാർ പെരുകുകയും അക്രമങ്ങൾ വർധിക്കുകയും അധർമം കളിയാടുകയും ചെയ്‌തു. ഈ വംശത്തിൽ പിറന്ന അസുര രാജാവായിരുന്നു കംസൻ. അസുരന്മാരുടെ ചെയ്‌തികൾക്ക് അറുതി വരുത്തുവാനും ഭൂമിയിൽ സമാധാനവും ധർമവും പുനഃസ്ഥാപിക്കാനും മഹാവിഷ്‌ണു തൻ്റെ എട്ടാമത്തെ അവതാരമായി കൃഷ്‌ണാവതാരം എടുത്തു എന്നാണ് ഐതിഹ്യം.
മഥുരയിലെ രാജാവായിരുന്ന കംസൻ്റെ സഹോദരിയായ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്‌ണൻ ജനിക്കുന്നത്. തുടർന്ന് അമ്പാടിയിൽ യശോദയുടെയും നന്ദഗോപരുടെയും മകനായി വളർന്നു എന്നാണ് വിശ്വാസം. കംസ നിഗ്രഹമായിരുന്നു അവതാര ലക്ഷ്യമായി പുരാണങ്ങൾ പറയുന്നത്.
എന്നാൽ മഹാഭാരതത്തിൽ അർജുന സാരഥിയായും ഉപദേഷ്‌ടാവായും കൃഷ്‌ണൻ തൻ്റെ അവതാര ലക്ഷ്യങ്ങൾ നിറവേറ്റുന്നത് കാണാം. "ധർമ സംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ" എന്ന പ്രശസ്‌ത വാക്യമാണ് ശ്രീകൃഷ്‌ണനെ മഹാഭാരതത്തിലെ തത്വജ്ഞാനി എന്ന വിശേഷണത്തിന് കാരണമാക്കുന്നത്.
അമ്പാടിയും വൃന്ദാവനവും ഗോവർധനഗിരിയും പൈക്കളും കാളിന്ദിയും കാളിയനും യമുനയും ശ്രീകൃഷ്‌ണാവതാര കഥകളിൽ നിറഞ്ഞു നിൽക്കുന്ന പരിസരങ്ങളാണ്. കേരളം ഇന്ന് അമ്പാടികളായി മാറും. വിവിധ ഇടങ്ങളിൽ വർണാഭമായ ആഘോഷങ്ങളും ഘോഷയാത്രകളും ഉണ്ടാകും.
എല്ലാവർക്കും സി മീഡിയ ഓൺലൈനിൻ്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ...
ഇന്ന് അഷ്‌ടമി രോഹിണി : ഐതിഹാസിക പുരാണ കഥാപാത്രങ്ങളിലൊന്നായ മഹാവിഷ്‌ണുവിൻ്റെ ഏട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണൻ്റെ ജന്മദിനം : സംസ്ഥാനത്ത് വിപുലമായ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ ...
Advertisement

Advertisement

Advertisement

