ഏജന്റുമാരില്‍ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലി വാങ്ങി. 112 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കി വിജിലന്‍സ്.
മോട്ടോര്‍വാഹന വകുപ്പിന്റെ 81 ഓഫീസുകളില്‍ ജൂലൈ 19ന് വൈകുന്നേരം നാലരയോടെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. വിവിധ ഓഫീസുകളില്‍ കൈക്കൂലിയുമായി എത്തിയ 11 ഏജന്റുമാരില്‍ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപയും വൈക്കം സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പരിശോധിച്ചതില്‍ 21 പേര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് 7,84,598 രൂപ കൈപ്പറ്റിയതിനുള്ള തെളിവുകളും ലഭിച്ചു.
വിശദമായ ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ ഏജന്റുമാരില്‍ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേന വ്യാപകമായി കൈക്കൂലി സ്വീകരിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇടപാടിന്റ സ്‌ക്രീന്‍ഷോട്ടുകള്‍ വാട്ട്‌സാപ്പ് വഴി കൈമാറിയിട്ടുണ്ട്. പണം കൈമാറാന്‍ ചില സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. എറണാകുളത്തെ ഉദ്യോഗസ്ഥര്‍ ഓഫീസിലെ വിരമിക്കല്‍ ചടങ്ങില്‍ നല്‍കുന്നതിനായി നാല് സ്വര്‍ണ മോതിരം വാങ്ങുന്നതിനും റോഡ് സുരക്ഷാ വാരാചരണത്തിന് പോസ്റ്റര്‍ അടിക്കുന്നതിനും പണം ആവശ്യപ്പെട്ട് മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് വാട്ട്‌സാപ്പ് മുഖേന മെസേജ് അയച്ചെന്നും കണ്ടെത്തി.
തുടര്‍ പരിശോധനയില്‍ ഏജന്റുമാര്‍ തങ്ങളിലൂടെ അപേക്ഷിച്ചവരുടെയും ഡ്രൈവിങ് സ്‌കൂളുകളിലൂടെയും ടെസ്റ്റ് അറ്റന്‍ഡ് ചെയ്തവരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവകളിലൂടെ കൈമാറിയിരുന്നതായും അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അനുകൂലമായി നടപടി സ്വീകരിച്ച ശേഷം ഇതിന്റെ വിവരങ്ങള്‍ തിരികെ നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് 112 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇതില്‍ 72 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും, ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ 40 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന്റെ തുടരന്വേഷണങ്ങള്‍ക്കുമാണ് ശുപാര്‍ശ ചെയ്യുന്നത്.
മോട്ടോര്‍ വാഹന വകുപ്പില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന, ക്ലീന്‍ വീല്‍സില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍
Advertisement

Advertisement

Advertisement

