breaking news New

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി

പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുത്തു.

തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗൗണ്ടിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി തിരികെ സ്കൂൾ ഗൗണ്ടിലേക്കെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. ഘോഷയാത്രയിൽ ചെണ്ടമേളവും 20 നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള 300 ലേറെ കലാകാരൻമാർ പങ്കെടുക്കുന്നു. പ്രത്യേക അതിഥികളായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുമുണ്ട്.

അത്തം നാളില്‍ കൊച്ചിരാജാവ് സര്‍വ്വാഭരണ വിഭൂഷിതനായി, സൈന്യ സമേതനായി, പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറയിലെ വീഥികളില്‍ കൂടി നടത്തിയിരുന്ന ഘോഷയാത്രയാണിത്. കേരളത്തിലെ മിക്കവാറുമെല്ലാ നാടന്‍ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് ഇതിന്റെ സവിശേഷത. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യാഘോഷങ്ങളും അകമ്പടി സേവിക്കുന്നുണ്ട്.

അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ രാവിലെ 8 മുതൽ വൈകിട്ട് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്ന് എത്തുന്ന ഹെവി വാഹനങ്ങൾ മുളന്തുരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം- സീപോർട്ട് എയർപോർട്ട് റോഡ് വഴി- എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തു നിന്നും വരുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽ നിന്നും മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.

കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷനിൻ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5