breaking news New

മുന്‍ വര്‍ഷത്തെക്കാള്‍ രാജ്യത്തുടനീളം രണ്ട് ശതമാനവും കേരളത്തില്‍ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷം ടണ്‍ മീന്‍ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടണ്‍) രണ്ടാം സ്ഥാനം. ദേശീയതലത്തില്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ മത്തിയുടെ ലഭ്യത 7.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞതവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ് – 1.49 ലക്ഷം ടണ്‍.

എന്നാല്‍, രാജ്യത്താകെ ഏറ്റവും കൂടുതല്‍ ലഭിച്ചത് അയലയാണ്- 2.63 ലക്ഷം ടണ്‍. മത്തി കഴിഞ്ഞാല്‍, അയല (61,490 ടണ്‍), ചെമ്മീന്‍ (44,630 ടണ്‍), കൊഴുവ (44,440 ടണ്‍), കിളിമീന്‍ (33,890 ടണ്‍) എന്നിങ്ങനെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയില്‍ സംസ്ഥാനത്ത് അസാധാരണമാംവിധം ഏറ്റക്കുറച്ചിലുണ്ടായ വര്‍ഷമാണ് 2024.

കഴിഞ്ഞ വര്‍ഷത്തെ ആദ്യമാസങ്ങളില്‍ വളരെ കുറവായിരുന്നു മത്തി. അതിനാല്‍ വില കിലോക്ക് 400 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ സപ്തംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെയായി കുറയുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മീന്‍ ലഭ്യത കുറഞ്ഞു.

മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ലഭ്യത വര്‍ധിച്ചു.രാജ്യത്താകെ വിവിധ യാനങ്ങളില്‍ മീന്‍പിടിത്തത്തിന് പുറപ്പെടുന്ന രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകള്‍ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. ഒരു ട്രിപ്പില്‍ യന്ത്രവല്‍കൃത യാനങ്ങള്‍ ശരാശരി 2959 കിലോഗ്രാം മത്സ്യവും മോട്ടോര്‍ യാനങ്ങള്‍ ശരാശരി 174 കിലോഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി. മോട്ടോര്‍-ഇതര വള്ളങ്ങള്‍ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പില്‍ പിടിച്ചത്. സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗമാണ് വാര്‍ഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5