ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിയ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. സാൻഡ് ഓഡിറ്റിൽ 464 ലക്ഷം ക്യുബിക് മീറ്റർ മണലാണ് നദികളിലുള്ളത്. ഇതിൽ 141 ലക്ഷം ക്യുബിക് മീറ്റർ ഖനനം ചെയ്യാമെന്നാണ് റിപ്പോർട്ട്.
മണൽ വാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരാൻ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളിൽ സാൻഡ് ഓഡിറ്റ് നടത്തിയതതിൽ 17 നദികളിൽ വൻ തോതിൽ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മണൽ ഖനനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ സമർപ്പിച്ച പൊതു പ്രവർത്തന നടപടി ക്രമത്തിന് റവന്യു വകുപ്പ് അംഗീകാരം നൽകി. മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാർഗനിർദ്ദേശം ജില്ലകലക്ടർമാർ പുറപ്പെടുവിക്കും. ജില്ല സർവെ റിപ്പോർട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണൽവാരൽ പുനരാരംഭിക്കാൻ കഴിയും.
