മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചരവയസുകാരി പേവിഷബാധയേറ്റ് മരിച്ച വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു.
പ്രതിരോധ കുത്തിവെപ്പുകളെല്ലാം എടുത്തിട്ടും എന്തുകൊണ്ട് കുട്ടിയ്ക്ക് പേവിഷബാധയേറ്റുവെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 29നാണ് മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയയെ തെരുവ് നായ കടിക്കുന്നത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. സിയയുടെ തലയ്‍ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മൂന്ന് ഡോസ് ഐഡിആർവി വാക്സിൻ സ്വീകരിച്ചു. തലയ്‍ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. സിയക്കൊപ്പം മറ്റ് ആറുപേർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.
തല,മൂക്ക്,മുഖം,കഴുത്ത്,
വിരൽത്തുമ്പുകൾ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേൽക്കുന്നതെങ്കിൽ വൈറസ് തലച്ചോറിൽ പെട്ടന്ന് എത്തും. കടിയേറ്റ സമയത്ത് വൈറസ് നേരിട്ട് നാഡീഞരമ്പുകളിലേക്ക് പ്രവേശിക്കുകയും നേരിട്ട് മസ്തിഷ്‌കത്തിലെത്തുകയും ചെയ്താൽ വാക്‌സിൽ ഫലിക്കമെന്നില്ല.
എന്നാൽ കാലിലോ ശരീരത്തിന്റെ താഴെ ഭാഗത്തോ ആണ് കടിയേറ്റതെങ്കിൽ വൈറസ് തലച്ചോറിലെത്താൻ സമയമെടുക്കുമെന്നും ഡോക്ടർമാർ പറയുന്നു. മരിച്ച സിയയുടെ തലയിൽ ആഴത്തിലുള്ള മുറിവായിരുന്നു ഏറ്റതെന്നും ഡോക്ടർമാർ പറയുന്നു. അതുകൊണ്ടാണ് പ്രതിരോധകുത്തിവെപ്പെടുത്ത് ആന്റിബോഡികൾ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലെത്തകയും പേ വിഷബാധ ഏൽക്കുകയും ചെയ്യുന്നത്.
തലയിൽ പത്തോളം സ്റ്റിച്ചുണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മുറിവ് ഉണങ്ങുകയും സ്റ്റിച്ച് എടുക്കുകയും ചെയ്തിരുന്നു.
പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക ...
Advertisement

Advertisement

Advertisement

