breaking news New

മയക്കു മരുന്നു ഇടപാടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുന്നു !!!

മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിപണനം ചെയ്യുന്നതിലും അടക്കം സ്ത്രീകള്‍ സജീവമായി പങ്കാളികളായിരുന്നു. ബംഗളുരുവിലും മറ്റും താമസിക്കുന്നവരാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടുത്തുന്നതില്‍ അടക്കം മുന്നില്‍ നല്‍ക്കുന്നത്. ഇതോടെ നിരന്തരം കുറ്റം ആവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ഉര്‍ജ്ജിതമാക്കുകയാണ് എക്‌സൈസ്.

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ ആവര്‍ത്തിച്ച് കുറ്റവാളികളാകുന്ന 16 സ്ത്രീകള്‍ എക്‌സൈസ് നിരീക്ഷണത്തിലാണ്. എന്‍ഡിപിഎസ്, അബ്കാരി ആക്റ്റുകള്‍ പ്രകാരം പതിവ് കുറ്റവാളികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഒന്നിലധികം എന്‍ഡിപിഎസ് നിയമ ലംഘനങ്ങള്‍ക്ക് ആവര്‍ത്തിച്ച് കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 497 പേരാണ് സംസ്ഥാനുള്ളത്. ഇവരില്‍ 16 പേര്‍ സ്ത്രീകളാണ്. ഓരോരുത്തരും 2 മുതല്‍ 11 വരെ മയക്കുമരുന്ന് വില്‍പ്പന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

പാലക്കാട് സ്വദേശിയായ കവിതയാണ് ഏറ്റവും കൂടുതല്‍ കേസുകളില്‍ ഉള്‍ പ്പെട്ടിരിക്കുന്നതു. 11 എന്‍ഡിപിഎസ് കേസുകളില്‍ കുറ്റക്കാരിയാണ് കവിത. കാസര്‍ക്കോട് സ്വദേശിയായ കൃതിക്കെതിരെ ഒന്‍പത് കേസുകളും പാലക്കാട് സ്വദേശിയായ സുമിത്ര എന്ന സ്ത്രീക്കെതിരെ ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊല്ലത്ത് നിന്നുള്ള ആറ് സ്ത്രീകളും പാലക്കാട് നിന്നുള്ള മൂന്ന് സ്ത്രീകളും തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സ്ത്രീയും പട്ടികയില്‍ ഉള്‍പ്പെടുന്നു. വര്‍ഷം തോറും ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണെങ്കിലും എറണാകുളത്ത് നിന്നുള്ള ഒരു സ്ത്രീയും പട്ടികയില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.

കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്ന് എന്നിവയുമായി ആവര്‍ത്തിച്ച് പിടിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പട്ടിക വകുപ്പ് സൂക്ഷിക്കുന്നതായി ഒരു മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ മയക്കുമരുന്ന് റാക്കറ്റുകള്‍ പല സ്ത്രീകളേയും കാരിയേഴ്‌സായി ഉപയോഗിക്കുകയാണ്. ഈ വ്യക്തികളെ എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ താമസ സ്ഥലം, തൊഴിലിടം എന്നിവയെല്ലാം നിരീക്ഷണത്തിലുണ്ട്.

2023 ലും 2024 ലും എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് യഥാക്രമം 8,104 ഉം 8,160 ഉം എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത മദ്യ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട അബ്കാരി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 20 സ്ത്രീകള്‍ ആവര്‍ത്തിച്ചുള്ള കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ട്.

കൊല്ലത്ത് നിന്നുള്ള ഒന്‍പത് സ്ത്രീകളും, തിരുവനന്തപുരത്ത് നിന്നുള്ള മൂന്ന് സ്ത്രീകളും, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സ്ത്രീകളുമാണ് ഈ പട്ടികയിലുള്ളത്. അബ്കാരി നിയമപ്രകാരം ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ മൊത്തം എണ്ണം 500 ആണ്.

രണ്ട് പട്ടികയിലും ഉള്‍പ്പെട്ട മൂന്ന് സ്ത്രീകളുണ്ട്. കൊല്ലത്ത് നിന്നുള്ള മൂന്ന് സ്ത്രീകളാണ് എന്‍ഡിപിഎസ്, അബ്കാരി ആക്ട് വകുപ്പുകള്‍ പ്രകാരം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകള്‍ മയക്കുമരുന്ന് വില്‍പ്പനയിലും സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധമായി മദ്യം ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചു കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു എക്‌സൈസ് വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5