breaking news New

പോപ്പ് ഫ്രാന്‍സിസ് : മാനവിക സ്‌നേഹത്തിന്റെ നവയുഗ പ്രവാചകന്‍

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന് സമ്മേളിച്ച കോണ്‍ക്ലേവ് 2013 മാര്‍ച്ച് 13 ന് കത്തോലിക്കാ സഭയുടെ 266-മത്തെ തലവനെ പ്രഖ്യാപിച്ചപ്പോള്‍ ലോകം മുഴുവന്‍ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു

അന്നോളം സ്വന്തം രാജ്യമായ അര്‍ജന്റീനയ്‌ക്ക് പുറത്ത് ആര്‍ക്കുംതന്നെ പരിചിതനല്ലായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പലര്‍ക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാള്‍ പ്രായക്കൂടുതലുള്ള പാപ്പ- അന്ന് 76 വയസ്. കത്തോലിക്കാ സഭയില്‍ തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒരു മെത്രാന്‍ വിരമിക്കുന്ന പ്രായം 75 ആയിരിക്കെയാണ് ഇപ്രകാരമൊരു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ലാറ്റിന്‍ അമേരിക്കന്‍ പാപ്പ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹം തെരഞ്ഞെടുത്ത, ഫ്രാന്‍സിസ് എന്ന പേരും ഏവര്‍ക്കും അത്ഭുതമായിരുന്നു. സകല ജീവജാലങ്ങളോടും പ്രപഞ്ചത്തോടുമുള്ള സ്‌നേഹം മുഖമുദ്രയാക്കിയ, പതിമൂന്നാം നൂറ്റാണ്ടില്‍ ഒരു സംന്യാസിയായി ജീവിച്ച വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേരാണ് അദ്ദേഹം സ്വീകരിച്ചത്.

പോപ്പ് ഫ്രാന്‍സിസ് സ്ഥാനമേറ്റതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ വ്യക്തിത്വത്തെ ലോകം തിരിച്ചറിഞ്ഞുതുടങ്ങി. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ കത്തോലിക്കാ പ്രബോധനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചു. വ്യക്തി ജീവിതത്തിന്റെ ലാളിത്യവും മൂല്യാധിഷ്ഠിത സമീപനങ്ങളും പലപ്പോഴായി വെളിപ്പെട്ടത് മത-ദേശ ഭേദമന്യേ സകല ജനങ്ങളും വലിയ സന്തോഷത്തോടെയാണ് കണ്ടത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5