സ്ഥാനാര്‍ഥി നിര്‍ണായ കാര്യത്തില്‍ കോണ്‍ഗ്രസുമായി വിലപേശലിനാണ് അന്‍വര്‍ തയ്യാറെടുക്കുന്നത്. അന്‍വറിന്റെ സമ്മര്‍ദ്ദത്താല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് വി എസ് ജോയി, കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരില്‍ ആരെ കളത്തിലിറക്കണമെന്നതാണ് കോണ്‍ഗ്രസ്സ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി.
ജോയിക്ക് വേണ്ടിയാണ് അന്‍വര്‍ വാദിക്കുന്നത്. എന്നാല്‍, മലബാറില്‍ മുസ്ലിം എംഎല്‍എയായി ടി സിദ്ദിഖ് മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിലും മുന്നണിയിലും പൊതുവേ ഉയരുന്ന വികാരം.
പെന്തക്കോസ്ത് വിഭാഗക്കാരനായ ജോയിക്ക് വേണ്ടി കത്തോലിക്കാ സഭ വാശിപിടിക്കില്ലെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ യുഡിഎഫില്‍ കയറുന്നതിന് മുമ്പ് തന്നെ അന്‍വര്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കയാണ്. ഇങ്ങനെയുള്ള ആള്‍ മുന്നണിയില്‍ കയറിയാല്‍ എന്താകും അവസ്ഥ എന്ന ചോദ്യവും ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചത് മുതല്‍ പി.വി.അന്‍വര്‍ യുഡിഎഫ് പ്രവേശനത്തിനായി പതിനെട്ടടവും പയറ്റിവരികയാണ്. അതിന്റെ ഭാഗമയാണ് ഇപ്പോഴത്തെ സമ്മര്‍ദ്ദ നീക്കങ്ങള്‍. സ്വന്തം പാര്‍ട്ടി രൂപീകരണ ശ്രമം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തിനില്‍ക്കുന്ന അന്‍വറിന് മുന്നിലുള്ള അവസാന അവസരമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ പ്രവേശനം നേടനായില്ലെങ്കില്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കുമെന്ന തിരിച്ചറിവില്‍ വ്യക്തമായ കണക്ക് കൂട്ടലിലാണ് അന്‍വറുള്ളത്.
മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്ക്കായി വാദിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഒന്നുകില്‍ താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ പ്രവേശനം, ഇതാണ് അന്‍വര്‍ മുന്നോട്ട് വെക്കുന്നത്. അന്‍വറിന് വഴങ്ങി ജോയിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എങ്ങനെ നേരിടുമെന്നാകും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിന് പല സഖ്യകക്ഷികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.
അന്‍വറിനെ പിണക്കുന്നതും നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റില്‍ മത്സരിച്ച് വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുക. അന്‍വര്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ യുഡിഎഫിന്റെ വിജയസാധ്യകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; പി വി അന്‍വര്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തലവേദനയാകുന്നു
Advertisement

Advertisement

Advertisement

