breaking news New

ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ജപ്പാൻ

E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകൾ ഇന്ത്യയ്ക്ക് നൽകുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്ക്കും സഹായിക്കുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത്. ദി ജപ്പാൻ ടൈംസിലാണ് ഈ വാർത്ത ആദ്യം വന്നത്.

2026ന്റെ തുടക്കത്തിൽ ജപ്പാനിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030കളുടെ തുടക്കത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്ന അത്യാധുനികമായ ഷിങ്കാൻസെൻ മോഡലാണ് E10 സീരീസ്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റൂട്ടിനായി ഈ ട്രെയിൻ പരി​ഗണനയിലുണ്ട്. E10 സീരീസ് ട്രെയിൻ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി E5, E3 സീരീസ് ഷിങ്കാൻസെൻ ട്രെയിനുകൾ ഉപയോ​ഗിച്ച് അതിവേ​ഗ ഇടനാഴിയുടെ പരീക്ഷണം നടത്തുകയും അതുവഴി പോരായ്മകൾ പരിഹരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ഈസ്റ്റ് ജപ്പാൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആധുനിക അതിവേഗ ട്രെയിനാണ് E5 സീരീസ്. 2011ലാണ് E5 സീരീസ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്ക്ക് കഴിയും. കൂടാതെ നൂതന സുരക്ഷാ സംവിധാനങ്ങളും സുഗമമായ യാത്രയും E5 സീരീസ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ അത്യാധുനിക E10 മോഡൽ എത്തുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാനമായ അധ്യായത്തിനാണ് തുടക്കമാകുക. ആൽഫ-എക്സ് എന്നറിയപ്പെടുന്ന E10 മോഡലിന് മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.

ജപ്പാൻ ഇന്റര്‍നാഷണൽ കോപ്പറേഷൻ ഏജന്‍സിയിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന വായ്പയിലൂടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 80 ശതമാനം ചെലവും വഹിക്കാനാകും എന്നതാണ് സവിശേഷത. തിരിച്ചടവിന് ഇന്ത്യയ്ക്ക് 50 വര്‍ഷത്തെ കാലാവധിയും ലഭിക്കും. അതേസമയം, ജപ്പാൻ ഇതാദ്യമായല്ല ഷിങ്കാൻസെൻ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തിൽ പങ്കുവെയ്ക്കുന്നത്. നേരത്തെ, തായ്‌വാനിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കായി ജപ്പാൻ ഒരു ഒന്നാം തലമുറ ഷിങ്കാൻസെൻ ട്രെയിൻ നൽകിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5