കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.
എലി ലില്ലിയുടെ പുതിയ കണ്ടുപിടുത്തം മനുഷ്യരില്‍ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് ടു പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. നേരത്തെയും ഓര്‍ഫോര്‍ഗ്ലിപ്രോണ്‍ എന്ന ഗുളികയുടെ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നു.
നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയം കൈവരിച്ചതായി അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ നടത്തിയിരുന്ന ചികിത്സ രീതിയില്‍ നിന്ന് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ് പുതിയ എലി ലില്ലിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ വിജയം. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു പരീക്ഷണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും കമ്പനി അറിയിക്കുന്നു.
അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ എലി ലില്ലി നേരത്തെ മൗന്‍ജാരോ എന്ന കുത്തിവയ്പ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മൗന്‍ജാരോ കുത്തിവയ്പ്പിന് നല്‍കേണ്ടി വരുന്ന വില താരതമ്യേന വളരെ കൂടുതലായിരുന്നു.
നിര്‍ദ്ദിഷ്ഠ അളവില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കേണ്ട കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി !!
Advertisement

Advertisement

Advertisement

