breaking news New

രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാം മാസവും കേരളം !!

ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.

കർണാടക (4.44%), ഛത്തീസ്ഗഢ് (4.25%), ജമ്മു ആൻഡ് കശ്മീർ (4%), മഹാരാഷ്‌ട്ര (3.86%) എന്നിവയാണ് കേരളത്തിനു തൊട്ടുപിന്നാലെ യഥാക്രമമുള്ളത്. തെലങ്കാനയിലാണ് ഏറ്റവും കുറവ് (1.04%). ഡൽഹി 1.48 ശതമാനവുമായി തൊട്ടടുത്തുണ്ട്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് 2.50%, തമിഴ്നാട് 3.75% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തെ വലയ്‌ക്കുന്നത്.

മാർച്ചിൽ ഇത് 7.29 ശതമാനമാണ്. നഗരങ്ങളിൽ 5.39 ശതമാനം. ജനുവരിയിൽ 6.79 ശതമാനവുമായാണ് കേരളം പണപ്പെരുപ്പ പട്ടികയിൽ ഒന്നാമതെത്തിയത്.

ദേശീയതലത്തിൽ കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം 2019 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ചയായ 3.34 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രേഖപ്പെടുത്തിയ, 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിൽ നിന്നാണ് കഴിഞ്ഞമാസം പണപ്പെരുപ്പം മൂന്നര ശതമാനത്തിനും താഴേക്കെത്തിയത്.

മാർച്ചിൽ ദേശീയതല ഗ്രാമീണ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.79 ശതമാനത്തിൽ നിന്ന് 3.25 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം, നഗരമേഖലയിലെ പണപ്പെരുപ്പം 3.32ൽ നിന്ന് 3.43 ശതമാനമായി ഉയർന്നു.

കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഏറ്റവും ആശങ്കപ്പെടുത്തിയിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ കുറയുന്നത് വലിയ ആശ്വാസമാണ്. 2024ൽ 10 ശതമാനത്തിനും മുകളിലായിരുന്ന ഇത് കഴിഞ്ഞമാസം 40-മാസത്തെ താഴ്ചയായ 2.69 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 3.75 ശതമാനമായിരുന്നു.

വെളിച്ചെണ്ണ (+56.81%), നാളികേരം (+42.05%), സ്വർണം (+34.09%), വെള്ളി (+31.57%), മുന്തിരി (+25.55%) എന്നിവയ്‌ക്കാണ് മാർച്ചിൽ വില ഏറ്റവുമധികം കൂടിയത്. ഇഞ്ചി (-38.11%), തക്കാളി (-34.96%), കോളിഫ്ലവർ (-25.99%), ജീരകം (-25.86%), വെളുത്തുള്ളി (-25.22%) എന്നിവയാണ് വില ഏറ്റവുമധികം കുറഞ്ഞവയെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5