അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആധിയുടെ കാലം കൂടിയായി മാറിയിരിക്കുകയാണ്. ബന്ധുഭവനങ്ങളില്‍ എത്തുന്നവര്‍ സമീപവീടുകളിലുള്ള കുട്ടികളുമൊത്ത് ജലാശയങ്ങളില്‍ നടത്തുന്ന ഉല്ലാസ കുളികള്‍ പലതും അപകടം കൈയ്യെത്താവുന്ന ദൂരത്തിലാണ്.
ജലാശയത്തിന്റെ സ്വഭാവവും ആഴവും മനസിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുങ്ങിമരണങ്ങളില്ലാത്ത ദിവസങ്ങള്‍ ഇല്ല. ആര്‍ത്തുല്ലസിച്ച് കളിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. കണ്ടുനില്‍ക്കുന്നവര്‍ പറഞ്ഞാലും കളിയുടെ രസത്തില്‍ അനുസരിക്കാറില്ല. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിയും. കളിചിരിക്കിടയിലെ കരച്ചില്‍. കയത്തിലകപ്പെട്ട് മുങ്ങി താഴ്ന്നുള്ള മരണം. ചിലപ്പോള്‍ രക്ഷിക്കാനിറങ്ങുന്നവരും കയത്തില്‍പെട്ട് മുങ്ങിമരിക്കുന്നു. പലപ്പോഴും ബന്ധുഭവനങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും ഇത്തരം ദുരന്തത്തിലകപ്പെടുന്നത്. ഇരുകുടുംബത്തിനും ഒരായുസ് മുഴുവനും അനുഭവിക്കേണ്ടി വരുന്ന ദുരിതവും.
ഒരു ദിവസം ശരാശരി നാലുപേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം ഏകദേശം ആയിരത്തോളം പേരും. മുങ്ങി മരണത്തില്‍പ്പെടുന്നവരില്‍ അധികം പേരും എട്ടാം ക്ലാസിനും പ്ലസ്ടുവിനും മധ്യേയുള്ള കുട്ടികളാണ്. അവസാനപരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പ് കുട്ടികളെ ക്ലാസിലിരുത്തി ഒരു ബോധവല്‍ക്കരണം നടത്തിവിട്ടിരുന്നെങ്കില്‍ മുങ്ങിമരണങ്ങള്‍ കുറെയെങ്കിലും കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പുഴയിലോ കടലിലോ ജലാശയങ്ങളിലോ ഒരാള്‍ അകപ്പെട്ടു എന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിക്കാറുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. വെള്ളത്തിലാഴ്ന്നാല്‍ മൂന്ന് മിനിട്ട് മതി മരണം സംഭവിക്കാന്‍. പഠനത്തോടൊപ്പം നീന്തലും പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പില്‍ വരുത്തിയിട്ടില്ല.
വിനോദ സഞ്ചാര മേഖലകളിലുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ കുറച്ചെങ്കിലും അപകടങ്ങള്‍ നിയന്ത്രിക്കാനാകും. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികളിലെ വെള്ളക്കെട്ട്, കനാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ആരെയും കടത്തിവിടാതിരിക്കാനുള്ള സംവിധാനം പോലീസും റവന്യൂ വകുപ്പും ഉണ്ടാക്കണം. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവര്‍പോലും ജലാശയങ്ങളുടെ സ്വഭാവം അറിയാതെ അമിത ആത്മവിശ്വാസത്തോടെ നീന്താനിറങ്ങരുത്. ഇത് കൂടെയുള്ളവരെയും അപകടത്തിലാക്കുന്നു.


