breaking news New

ഇപ്പോള്‍ 5 വയസാണ് സ്‌കൂള്‍ പ്രവേശന പ്രായം : എന്നാൽ 2026-27 അക്കാദമിക വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശന പ്രായം 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിനു മുകളിലോ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ ക്യാപ്പിറ്റേഷന്‍ ഫീസോ വാങ്ങുന്നത് ശിക്ഷാര്‍ഹമാണ്. ചില വിദ്യാലയങ്ങള്‍ ഇതു തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചോദ്യപേപ്പറുകള്‍ തയാറാക്കി നല്‍കുന്നത് ഏറെ രഹസ്യ സ്വഭാവത്തോടുകൂടിയാണ്. ഈ വര്‍ഷത്തെ ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണയം, ചോദ്യപേപ്പര്‍ നിര്‍മാണം, പേപ്പറുകളുടെ മൂല്യനിര്‍ണയം, ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5