ദേശാഭിമാനിയുടെ കോഴിക്കോട് ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നാമതും ഇടതുപക്ഷഭരണം വരുമെന്ന് ഉറപ്പായതോടെ പല മാധ്യമങ്ങളുടെയും നിലവിട്ടതായും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ സ്വീകര്യത നാൾക്കുനാൾ വർധിച്ചു വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികൾ മറികടന്നാണ് ദേശാഭിമാനി വളർന്നത്.
പുരോഗമന പ്രസ്ഥാനത്തിന് വലിയ ഇടിവു തട്ടുന്ന കാലത്ത് മറ്റു മാധ്യമങ്ങളും എഴുത്തുകാരും അതിന്‍റെ ഭാഗമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം നവീകരിക്കുന്നതിന് ശരിയായ വിവരം നൽകേണ്ടതുണ്ട്. പലരും മറച്ചുവെക്കുന്ന സത്യങ്ങൾ ദേശാഭിമാനി രാജ്യത്തെ അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങൾക്ക് ഹിതമായത് മാത്രം അറിയിക്കുന്ന കോർപ്പറേറ്റ് വാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ പിടിയിലാണ്. ചങ്ങാത്ത മുതലാളിത്തം മാധ്യമ രംഗത്തെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് നിലവിൽ. രാഷ്ട്രീയം നോക്കി പ്രതികളെ കൈകാര്യം ചെയ്യുന്നത് അധഃപ്പതനമാണെന്ന് മാധ്യമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതിത്വം നോക്കാതെ വാർത്തകൾ നൽകാൻ കഴിയണം.
കേരളത്തിൽ മൂന്നാമതും ഇടതുപക്ഷഭരണം വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതോടെ പല മാധ്യമങ്ങളും നിലവിട്ടു. ഇടതുപക്ഷ വിരുദ്ധ പ്രചരണം അവർ ശക്തമാക്കി. കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി പിടിച്ചെടുത്തപ്പോൾ മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയം അന്വേഷിച്ചു.ഒരാളുടെ രാഷ്ട്രീയം ഹിതമല്ലെന്നു കണ്ടപ്പോൾ അയാൾക്കെതിരേ വാർത്തകൾ വന്നു. എന്നാൽ കൂടിയ അളവിൽ മറ്റൊരാളിൽ നിന്ന് പിടിച്ചപ്പോൾ വാർത്ത അപ്പാടെ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വാളയാർ കേസിൽ മാധ്യമങ്ങൾ കാണിച്ച ഇരട്ടത്താപ്പിനെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. യഥാർത്ഥ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. ചിലർ അവരെ സ്ഥാനാർത്ഥിയാക്കി എന്നാൽ യഥാർത്ഥ കുറ്റവാളിയെ തിരിച്ചറിഞ്ഞപ്പോൾ വാർത്ത ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയിൽ പന്തീരാങ്കാവിനടുത്ത് കൊടൽ നടക്കാവിലാണ് ദേശാഭിമാനിയുടെ പുതിയ ഓഫീസ്. ചടങ്ങിൽ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രിന്റിങ് പ്രസ് സ്വിച്ച് ഓൺ ചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി സതീദേവി, മന്ത്രി പി എ മുഹമ്മദ് റിയാസ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, ജനറൽ മാനേജർ കെ ജെ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
