breaking news New

സ്റ്റാര്‍ ക്ലാസിഫിക്കേഷനില്‍ ബാര്‍ ലൈസന്‍സിന് യോഗ്യതയില്ലാത്ത ഹോട്ടലുകള്‍ക്ക് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് നല്‍കാനുള്ള നീക്കം ശക്തമാകുന്നു

നീക്കത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും ഹോട്ടല്‍ മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയെന്നും ആക്ഷേപം. അടുത്ത വര്‍ഷത്തേക്കുള്ള ലൈസന്‍സിന് ഈ മാസം 31നകം പുതുക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കവെ പല ഹോട്ടലുകളും നിലവാരം ഉറപ്പുവരുത്തിയിട്ടില്ലെന്നും പരിശോധനയില്‍ നിന്ന് വഴുതിമാറുന്നതായും കണ്ടെത്തി.

മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതിനാല്‍ പരിശോധനയില്‍ തഴയപ്പെടുമെന്നതിനാലാണ് വളഞ്ഞവഴിയിലൂടെ ലൈസന്‍സ് സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഇത്തരത്തിലുള്ള 23 ഹോട്ടലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ടൂറിസം മന്ത്രാലയം റീജിയണല്‍ ഡയറക്ടര്‍ ഫെബ്രുവരി 28ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ക്ക് കത്തയച്ചു.

അപേക്ഷ നല്‍കി പരിശോധനാ തീയതികള്‍ ഷെഡ്യൂള്‍ ചെയ്ത് നിധി പോര്‍ട്ടലില്‍ സജീവമാകുകയും പിന്നീട് വിവിധ ഒഴിവുകഴിവുകള്‍ പറഞ്ഞ് പരിശോധന നീട്ടിക്കൊണ്ടുപോവുകയുമാണ് ഹോട്ടല്‍ മുതലാളിമാരുടെ തന്ത്രം. ഏതുവിധേനയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ(എച്ച്ആര്‍എസിസി) പരിശോധനകള്‍ ഒഴിവാക്കാനാണ് ശ്രമം.

അഞ്ച് വര്‍ഷത്തിലൊരിക്കലാണു ഹോട്ടലുകളുടെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഹോട്ടലില്‍ പരിശോധന നടത്തി തീരുമാനമെടുക്കും. പരിശോധനയ്‌ക്കു തീയതി നിശ്ചയിക്കുമ്പോള്‍ ഹോട്ടലുടമകള്‍ സമയം നീട്ടാന്‍ ആവശ്യപ്പെടുന്നെന്നാണ് 23 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ പട്ടിക സഹിതം കേന്ദ്രം അറിയിച്ചത്. ഇവ ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ഈ പശ്ചാത്തലം കണക്കിലെടുക്കണമെന്നാണു കത്തിലെ ആവശ്യം.

ഈ 23 ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കരുതെന്ന് എക്‌സൈസ് കമ്മിഷണര്‍ എല്ലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും വിലക്കിനെ മറികടന്നും ലൈസന്‍സ് നേടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബാര്‍മുതലാളിമാര്‍. ഇവരുടെ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5