breaking news New

ദുര്‍ബല വിഭാഗങ്ങളുടെ ഭവനനിര്‍മാണ വായ്പ കുടിശിക എഴുതിതളളിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കാനുള്ളത് കോടികള്‍

ചെറിയ തുക പല ഘട്ടങ്ങളായി അനുവദിക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയാതെ ബോര്‍ഡ് ബുദ്ധിമുട്ടുകയാണ്.

വായ്പ എഴുതി തളളിയ വകയില്‍ 283.16 കോടി രൂപയാണ് സര്‍ക്കാര്‍ ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കാനുണ്ടായിരുന്നത്. ഇതു വരെ 97.84 കോടി മാത്രമാണ് നല്‍കിയത്. ബോര്‍ഡിലെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വേണ്ടി 18.07 കോടി അടിയന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറി സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ 13 ന് അഞ്ചു കോടി രൂപ മാത്രമാണ് അനുവദിച്ചത്.

185.32 കോടി ബോര്‍ഡിന് കൊടുക്കാന്‍ ഉളളപ്പോഴാണ് വെറും അഞ്ചു കോടി രൂപ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ധന വിനിയോഗ ഗ്രാന്റിലെ സേവിങ്‌സില്‍നിന്നു ധനപുനര്‍ വിനിയോഗം വഴി ഈ തുക ക്രമീകരിക്കാനാണ് നിര്‍ദേശം. ചില നിബന്ധനകള്‍ പ്രകാരമാണു തുക അനുവദിച്ചിരിക്കുന്നത്. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ തുക പലിശ രഹിതമായി നിക്ഷേപിക്കണമെന്ന് ഉത്തരവിലുണ്ട്. പത്തു വര്‍ഷത്തോളമായി ബോര്‍ഡില്‍നിന്നു വിരമിച്ചവര്‍ക്കടക്കം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുടിശികയാണ്.

സര്‍ക്കാര്‍ ഭവന ബോര്‍ഡിനെ ഗൗനിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പെന്‍ഷന്‍ പരിഷ്‌കരണം നീണ്ടുപോവുകയും കുടിശിക വിതരണത്തില്‍ അനാവശ്യ കാലതാമസം വരികയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്നു കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് റിട്ടയറീസ് ഫോറം ഹൗസിങ് ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ നടത്തും. വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയും അതിന്റെ മന്ത്രിമാരും ഇങ്ങനെ ഒരു ബോര്‍ഡ് തങ്ങള്‍ക്ക് കീഴിലുണ്ടെന്ന് മറന്നു പോവുകയാണെന്നും വിരമിച്ച ജീവനക്കാര്‍ ആരോപിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5