വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിന്നും വന്നിരുന്ന വാർത്തകൾ ഭാരതത്തിനാകെ മാതൃക ആയിരുന്നു ഒരു കാലത്ത്. ഇന്നിപ്പോൾ കേരളത്തിൽ നിന്നും പുറത്ത് വരുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാക്ഷര കേരളമോ അതോ,രാക്ഷസ കേരളമോ എന്ന് സംശയിക്കേണ്ടിയ നിലവാരത്തിലുള്ളതായി മാറിയിരിക്കുന്നു .
ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി അണുകുടുംബ വ്യവസ്ഥിതിയിലേക്കു കേരളം മാറിയപ്പോൾ ഉപരി പഠനത്തിനായി വിദേശത്തേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്കും തുടങ്ങി .
അതിനെയെല്ലാം അവഗണിച്ച് നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ജീവൻ വരെ പന്താടുന്ന സ്ഥിതിയിലേക്ക് പോയി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല.
സീനിയർ വിദ്യാർത്ഥികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പണം നല്കാത്തവരെ ശാരീരികമായി പീഡിപ്പിക്കുന്ന കാടത്തത്തെ റാഗിങ്ങ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതിനെ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും തള്ളിപറയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു .
വയനാട്ടിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി മാതാപിതാക്കളുടെ പ്രതീക്ഷയായിരുന്നു .ഇസ്രായേൽ ഹമാസ് പോരാട്ടം പോലെയാണ് ആ വിദ്യാർത്ഥിയെ പട്ടിണിക്കിട്ട് മർദ്ദിച്ചു കൊന്നത് .
അവസാനം തിരുവനന്തപുരത്തും, കോട്ടയം ഗവർമെന്റ് നഴ്സിങ് കോളേജിലും ക്രൂരമായ നര നായാട്ടാണ് നടന്നിരിക്കുന്നത് . കോളേജുകളിലേക്കു ഉപരി പഠനത്തിന് പോകുന്ന കുട്ടികൾ ജീവനോടെ തിരിച്ചു വരുമെന്ന് യാതൊരു പ്രതീക്ഷയും മാതാപിതാക്കൾക്കില്ലാത്ത രീതിയിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗം കലുഷിതമായിരിക്കുന്നു .
ഇനിയും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുവാനുള്ള സാധ്യതകളാണ് കേരളത്തിലെ ഈ റാഗിങ്ങ് എന്ന കാടത്തം കൊണ്ട് സംജാതമായിരിക്കുന്നത്.
വിദ്യാർത്ഥികളിലെ രാക്ഷസീയ ഭാവത്തെ തള്ളി പറഞ്ഞു കൊണ്ട് റാഗിംഗ് നടത്തുന്നവരെ തള്ളി പറയുവാനുള്ള തന്റേടം വിദ്യാർത്ഥി സംഘടനകളും ,അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളും കാണിക്കേണ്ടതുണ്ടെന്നു സി മീഡിയാ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ അഭിപ്രായപ്പെട്ടു .
അതിൻറെ ആദ്യപടി എന്ന നിലയിൽ സർവകലാശാല കാമ്പസിലെ ഹോസ്റ്റലുകളിൽ പഠിതാക്കളല്ലാത്ത മുഴുവൻ ക്രിമിനലുകളെയും ഒഴിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട് എന്നും ചാൾസ് ചാമത്തിൽ ചൂണ്ടിക്കാട്ടി .
