breaking news New

ഫോണിലേക്കു വരുന്ന ഒ.ടി.പി. സോഫ്റ്റ്‌വേറില്‍ നല്‍കിയാലേ ട്രഷറി ചെക്ക്ബുക്ക് കിട്ടൂ എന്ന പുത്തന്‍ പരിഷ്‌കാരത്തില്‍ വലഞ്ഞ് പ്രായമായ പെന്‍ഷന്‍കാര്‍

ഏത് ഫോണ്‍ നമ്പരാണ് നല്‍കിയതെന്നു പോലും നിശ്ചയമില്ലാത്തതിനാല്‍ പെന്‍ഷന്‍ വാങ്ങാനെത്തിയ പലരും ചെക്ക് കിട്ടാതെ ട്രഷറികളില്‍നിന്നു മടങ്ങി. ട്രഷറിയില്‍ ബാങ്കിലേതുപോലെ പണം പിന്‍വലിക്കുന്നതിനു സ്ലിപ്പില്ല.

ചെക്ക് നല്‍കിയാണ് തുക കൈപ്പറ്റേണ്ടത്. നേരിട്ട് ട്രഷറിയില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് രേഖാമൂലം ചുമതലപ്പെടുത്തുന്നയാള്‍ മുഖേനയോ, തപാല്‍ മാര്‍ഗമോ മുമ്പൊക്കെ ചെക്ക്ബുക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അക്കൗണ്ട് ഹോള്‍ഡര്‍ നേരിട്ട് ട്രഷറിയില്‍ചെന്ന് രേഖാമൂലം ആവശ്യപ്പെട്ടാലും ചെക്ക് ബുക്ക് കിട്ടുക പ്രയാസമായിരിക്കുകയാണ്.

ഈ മാസം ആദ്യം മുതലാണ് ചെക്ക്ബുക്കിന് ഒ.ടി.പി വേണമെന്ന പരിഷ്‌കാരം കൊണ്ടുവന്നത്. ഇതേപ്പറ്റി മുന്‍കൂട്ടി അറിയിക്കുകയോ ഉത്തരവിറക്കുകയോ ചെയ്തില്ലെന്നാണ് പെന്‍ഷന്‍കാര്‍ പറയുന്നത്. ചെക്ക്ബുക്കുകള്‍ വിതരണം ചെയ്യാനൊരുങ്ങുമ്പോഴാണ് സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയ കാര്യം ട്രഷറി ജീവനക്കാരും അറിഞ്ഞത്. പെന്‍ഷന്‍ തുക ട്രഷറിയില്‍നിന്ന് ബാങ്കിലേക്കു മാറ്റി അവിടെനിന്ന് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍, ഒട്ടേറെപ്പേര്‍ പെന്‍ഷന്‍ ട്രഷറിയില്‍ തന്നെ നിലനിര്‍ത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിനും ഇത് നേട്ടമാണ്. ഇത്തരക്കാരെയാണ് ഒ.ടി.പിയുടെ പേരില്‍ ട്രഷറി വകുപ്പ് ബുദ്ധിമുട്ടിലാക്കിയത്. ദുരുപയോഗം തടയാനാണ് പുതിയ ക്രമീകരണമെന്നാണ് വിശദീകരണം. ബാങ്കുകളില്‍ പോലും ചെക്ക്ബുക്കിന് ഒ.ടി.പി. ആവശ്യമില്ല. ട്രഷറി ചെക്ക്ബുക്കില്‍ 10 ലീഫ് ആണുള്ളത്. ചെലവുകളേറിയാല്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കേണ്ടി വരും. അപ്പോള്‍ ലീഫുകള്‍ പെട്ടെന്ന് തീരും. അതുകൊണ്ടുതന്നെ, പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം കടുത്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5