breaking news New

പൊലീസിനെക്കൊണ്ടും എസ്എഫ്‌ഐക്കാരെക്കൊണ്ടും നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ : ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി

കാലിക്കട്ട് യൂണിവേഴ്‌സിറ്റി സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതികളായ എസ് എഫ് ഐക്കാരെ പൊലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഐജി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനെ പൊലീസ് കിരാതമായി അടിച്ചൊതുക്കുകയാണ് ചെയ്തത്.

പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനീഷ് ആന്റണി, മിവ ജോളി, ആദേശ് സുദര്‍മന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎന്‍ പ്രതാപനെ പോലീസ് കൈയറ്റം ചെയ്തു.

കലോത്സവത്തെ തുടക്കം മുതല്‍ അലങ്കോലപ്പെടുത്താനാണ് എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചത്. അതിന് കൂട്ടുനില്ക്കാന്‍ പോലീസും. ഭരണത്തിന്റെ തണലില്‍ പോലീസ് നടത്തുന്ന നരനായാട്ടിന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ മറുപടി പറയേണ്ടി വരും. കുട്ടികളുടെ ചോര മണക്കുന്നവരാണ് അധികാരസ്ഥാനങ്ങളിലിരിക്കുന്നത്. അവര്‍ എന്നും അവിടെ ഉണ്ടാകില്ലെന്ന് പൊലീസുകാര്‍ ഓര്‍ത്തിരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥിന്‍റെ ജീവനെടുത്ത എസ്എഫ് ഐക്കാരുടെ ചോരക്കൊതി കോട്ടയത്ത് ഗവ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം തുലയ്ക്കുന്ന സാഹചര്യമുണ്ടായി. സിപിഎമ്മുമായി ബന്ധമുള്ള കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത് മൃതപ്രായമാക്കിയത്. കട്ടിലില്‍ ബലമായി കിടത്തി കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി ലോഷനൊഴിച്ച് ദേഹത്തുകയറിയിരുന്ന് ശരീരമാസകലം വരഞ്ഞ് മുറവേല്‍പ്പിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായില്‍ ലോഷന്‍ ഒഴിച്ചു. ശബ്ദം പുറത്തുവന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എസ്എഫ് ഐക്കാര്‍ക്ക് മദ്യപിക്കാന്‍ പണം നല്കിയില്ലെങ്കില്‍ അതിനു വേറെ മര്‍ദനം. വാനര സേനപോലും ലജ്ജിക്കുന്ന രീതിയിലാണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

എസ്എഫ്‌ഐയുടെ കാടത്തത്തിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത്തരം കാപാലികരെ അഴിച്ചുവിടുന്ന നേതൃത്വമാണ് ഇതിന്റെ ഉത്തരവാദികള്‍. അവര്‍ക്കെതിരേയാണ് പൊലീസ് നടപടിയും പാര്‍ട്ടി നടപടിയും ഉണ്ടാകേണ്ടതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5