വിതരണ കരാറുകാരുടെ പണിമുടക്കില്‍ റേഷന്‍ വിതരണം താളംതെറ്റിയതിനു പുറമേ വ്യാപാരികള്‍ 27 മുതല്‍ സമരത്തിലേക്കു നീങ്ങുകയാണ്. ഇതുകൂടാതെ ഇ-പോസ് മെഷീന്റെ സേവനം നിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനവും പ്രതിസന്ധി രൂക്ഷമാക്കും. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ രംഗം നിശ്ചലമാകും.
വിതരണ കരാറുകാരുടെ പണിമുടക്ക് രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍കടകളില്‍ 'വാതില്‍പ്പടി' വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ (എന്‍.എഫ്.എസ്.എ) ജനുവരി ഒന്നിനാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും, സെപ്റ്റംബറിലെ കുടിശിക ഭാഗികമായും നല്‍കാത്തതാണ് സമരത്തിനു കാരണം. പണിമുടക്ക് നീണ്ടാല്‍ സാധനങ്ങള്‍ക്കു ക്ഷാമം അനുഭവപ്പെടും. രണ്ടു വര്‍ഷത്തിനിടെ കരാറുകാര്‍ ബില്‍ കുടിശികയ്ക്കായി നടത്തുന്ന നാലാമത്തെ സമരമാണിത്.
റേഷന്‍ വിതരണം കൂടുതലായി നടക്കുന്ന മാസത്തിന്റെ അവസാന ആഴ്ചയിലാണ് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ഉള്‍പ്പെടുന്ന റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരത്തിനു നോട്ടീസ് നല്‍കിയത്.
ഇതിനിടയില്‍ കൂനിന്‍മേല്‍ കുരു പോലെ ഇ-പോസ് സേവനം നിര്‍ത്താനുള്ള നീക്കത്തില്‍ ആണ് പരിപാലനച്ചുമതലയുള്ള കമ്പനി. റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകളുടെ പരിപാലനം നടത്തുന്ന കമ്പനി ഇൗ മാസം 31-ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചതും ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു തിരിച്ചടിയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് കമ്പനിയുടെ പിന്മാറ്റം.
സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍
Advertisement
Advertisement
Advertisement