breaking news New

ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ജയിലിലായ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ പി.വി. അന്‍വര്‍ യുഡിഎഫിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചനകള്‍

അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസും സിഎംപിയും രംഗത്ത് വന്നപ്പോള്‍ ആര്‍എസ്പി വിരുദ്ധ നിലപാട് എടുത്തിരിക്കുകയാണ്.

അവന്‍വറിന്റെ അറസ്റ്റിനെ തെറ്റായ നടപടിയാണെന്നായിരുന്നു വി.ഡി. സതീശന്‍ പ്രതികരിച്ചത്. ഒരു എംഎല്‍എയ്ക്ക് പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കാനാകില്ലെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. അന്‍വറിനെ യുഡിഎഫ് ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സിഎംപി രംഗത്ത് വന്നിട്ടുണ്ട്. ഇന്നലത്തെ അറസറ്റ് രാഷ്ട്രീയ വഴിത്തിരിവാണെന്നും പ്രധാന തീരുമാനം കോണ്‍ഗ്രസും ലീഗും എടുക്കണമെന്നും പറഞ്ഞു.

അതേസമയം എന്തെങ്കിലും നിലപാടുകള്‍ക്ക് സമയമായിട്ടില്ലെന്നായിരുന്നു ആര്‍എസ്പി എടുത്ത നിലപാട്. അതേസമയം അന്‍വര്‍ വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരുമെന്നാണ് സൂചനകള്‍. ഈ യോഗത്തിന് ശേഷമായിരിക്കും യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുക. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തിയും പുറത്തുവിട്ടിട്ടുണ്ട്.

സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും അറസ്റ്റിന് ഇരയാകുകയുമൊക്കെ ചെയ്ത സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ ഐക്യം യുഡിഎഫില്‍ രൂപപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തെന്ന കേസില്‍ പി.വി. അന്‍വറിനെയും ഡിഎംകെ പ്രവര്‍ത്തകരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5