ലൈംഗിക ചുവയുള്ള പരാമർശത്തിന് പിന്നാലെ ബിധുരിക്കെതിരെ വിമർശനം കടുക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ തന്റെ നിയമസഭാ മണ്ഡലത്തിലെ റോഡുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ കവിൾത്തടങ്ങൾ പോലെ മിനുസമാർന്നതാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൽഹിയിലെ കൽക്കാജിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് ബിധുരിയുടെ പ്രസ്‌താവനയ്ക്ക് എതിരെ കോൺഗ്രസ് ആഞ്ഞടിച്ചു. ഈ പരാമർശം കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നായിരുന്നു അവർ ആരോപിച്ചത്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി നേതാവിന്റെ പരാമർശം.
'ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ലാലു യാദവ് ഒരിക്കൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ആ വാഗ്‌ദാനം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും, ഓഖ്‌ലയിലെയും സംഗം വിഹാറിലെയും റോഡുകൾ ഞങ്ങൾ മാറ്റിമറിച്ചതുപോലെ, കൽക്കാജിയിലെ എല്ലാ റോഡുകളും പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' എന്നായിരുന്നു രമേശ് ബിധുരി പറഞ്ഞത്.
രമേശ് ബിധുരിയുടെ പരാമർശം ലജ്ജാകരമാണെന്നും സ്ത്രീകളോടുള്ള വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചൂണ്ടിക്കാട്ടി. പാർലമെന്റിൽ തന്റെ സഹ എംപിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു ശിക്ഷയും നേരിടാത്ത ഒരാളിൽ നിന്ന് മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടതെന്നും സുപ്രിയ ചോദിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ബിധുരിയുടെ വാക്കുകൾ ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് എന്നായിരുന്നു ഖേര അഭിപ്രായപ്പെട്ടത്. പല ബിജെപി നേതാക്കളിലും ഇതേ നിലപാട് തന്നെ നമുക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
എഎപി എംപി സഞ്ജയ് സിംഗും രമേശ് ബിധുരിയുടെ പ്രസ്‌താവനയെ അപലപിക്കുകയും എക്‌സിൽ വീഡിയോ പങ്കിടുകയും ബിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വം ലഭിക്കുമെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിഷയത്തിൽ ബിജെപി നേതൃത്വം തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടില്ല.
ഇതാദ്യമായല്ല രമേശ് ബിധുരി വിവാദ പ്രസ്‌താവനകൾ നടത്തി വിവാദത്തിൽ ഉൾപ്പെടുന്നത്. 2023ൽ അന്നത്തെ ബിഎസ്‌പി എംപി ഡാനിഷ് അലിക്കെതിരെ ബിധുരി ലോക്‌സഭയിൽ വർഗീയ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഒരു പാർലമെന്റംഗത്തിന് ചേരാത്ത ഭാഷയാണ് ഇതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു.
പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി നേതാവ് രമേശ് ബിധുരി നടത്തിയ പരാമർശം വിവാദമാവുന്നു
Advertisement
Advertisement
Advertisement