breaking news New

പണി വരുന്നു ; സാധാരണക്കാരൻ പെടും : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

നിരക്ക് വർധന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി സമ്മർ താരിഫ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞു. അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതാണ് വൈദ്യുതി നിരക്ക് വർധനയിലേക്ക് നയിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അധികം വൈകില്ലെന്നാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.

വൈദ്യുതി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ അതിന് ശേഷം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കൃഷ്‌ണൻകുട്ടി വ്യക്തമാക്കി. ഉപഭോക്താക്കളുമായും സർക്കാരുമായും ചർച്ച ചെയ്‌ത ശേഷം തീരുമാനം എടുക്കുമെന്നാണ് മന്ത്രി പറയുന്നത്.

നിരക്ക് വർധന നടപ്പിലാക്കുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ ആഘാതം ഏൽക്കാതെ കൊണ്ട് വരാനാണ് പദ്ധതിയെന്ന് പറയുമ്പോഴും അന്തിമ തീരുമാനം എന്തെവുമെന്ന് കണ്ടറിയണം. വൈദ്യുതി നിരക്ക് വർധനയ്ക്ക് പുറമേ സമ്മർ താരിഫ് ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും വകുപ്പിന്റെ പരിഗണനയിലുണ്ട്. കൂടുതൽ ആവശ്യകത വരുന്ന വേനൽക്കാലത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വലിയ പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് ഏർപ്പെടുത്താൻ ശ്രമിക്കുന്നതെന്നും മന്ത്രി കെ കൃഷ്‌ണൻ കുട്ടി കൂട്ടിച്ചേർത്തു.

നേരത്തെ ഈ വർഷം നവംബർ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ട് വരാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ളതും, തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന വിലയിരുത്തലുമാണ് നിരക്ക് വർധന നീളാനുണ്ടായ കാരണം.

എന്നാൽ നിലവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരക്ക് വർധനയുമായി മുന്നോട്ട് പോവാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ്‌ മാസം വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് കെഎസ്ഇബിയുടെ ശുപാർശ. ഇത്രയും വർധനവ് ഉണ്ടാവുമോ എന്നത് വ്യക്തമല്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5